മന്ത്രിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമം; ജയില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Posted on: September 15, 2017 8:35 am | Last updated: September 15, 2017 at 12:27 am

ലക്‌നോ: മന്ത്രിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച ജയില്‍ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബാരാബങ്കി ജില്ലാ ജയില്‍ സൂപ്രണ്ട് ഉമേഷ് കുമാര്‍ സിംഗ് ആണ് അറസ്റ്റിലായത്. ജയില്‍ മന്ത്രി ജെയ്കുമാര്‍ സിംഗിന് 50,000 രൂപ കൈക്കൂലി നല്‍കിയെന്നാണ് കേസ്.
മന്ത്രിയുടെ ദാലിബാഗിലെ ഔദ്യോഗിക വസതിയില്‍ ബുധനാഴ്ച വൈകുന്നേരത്തോടെയെത്തിയ ഉമേഷ് കുമാര്‍ മന്ത്രിയെ അടിയന്തരമായി കാണണമെന്ന് പേഴ്‌സണല്‍ സ്റ്റാഫിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍, ഉമേഷ് കുമാര്‍ കൂട്ടാക്കിയില്ല. ഒടുവില്‍ അകത്തുകടന്ന ഉദ്യോഗസ്ഥനോട് മന്ത്രി ദേഷ്യപ്പെട്ടു. അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയില്‍ പെട്ടതോടെ ഇയാളെ പുറത്താക്കിയെന്നും മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നു. ഒരു കവര്‍ മേശപ്പുറത്ത് വെച്ചാണ് ഉദ്യോഗസ്ഥന്‍ സ്ഥലം വിട്ടതത്രേ. തുറന്നുനോക്കിയപ്പോള്‍ പണം കണ്ടെത്തുകയും പോലീസിനെ വിവരം അറിയിക്കുകയും ചെയ്തുവെന്നും മന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ന്നാണ് ജയില്‍ സൂപ്രണ്ടിനെ അറസ്റ്റ് ചെയ്തത്.

അതേസമയം, താന്‍ മന്ത്രിയുടെ വസതിയില്‍ പോകുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. യു പിയിലെ ജയിലുകള്‍ ക്രിമിനല്‍ പ്രവര്‍ത്തനത്തിന്റെ പേരില്‍ കുപ്രസിദ്ധമാണ്. മയക്കുമരുന്നു സംഘങ്ങളും ഗുണ്ടാ സംഘങ്ങളും മിക്ക ജയിലുകളിലും സജീവമാണ്.