Connect with us

Gulf

യു എ ഇയുടെ സമ്പദ്ഘടന ശക്തം, ഭദ്രം: ശൈഖ് മുഹമ്മദ്

Published

|

Last Updated

ദുബൈ: യു എ ഇയുടെ സമ്പദ്ഘടന പൂര്‍വോപരി സുശക്തവും സുഭദ്രവുമാണെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രസ്താവിച്ചു. ദുബൈയില്‍ നടന്നുവരുന്ന ആഗോള റിയല്‍ എസ്റ്റേറ്റ് പ്രദര്‍ശനമായ സിറ്റിസ്‌കേപ് സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ശൈഖ് മുഹമ്മദ്. രാജ്യത്തെ വിപണികളിലും സാമ്പത്തികകാര്യ നിയമങ്ങളിലും, നിക്ഷേപകരായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമുള്ള ഉറച്ചവിശ്വാസമാണ് രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമായി നിലനില്‍ക്കാന്‍ പ്രധാന കാരണമെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. സിറ്റിസ്‌കേപ് പോലെയുള്ള പ്രദര്‍ശനങ്ങളിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്ഥാപനങ്ങളും വ്യക്തികളും ഒഴുകിയെത്തുന്നത് വ്യക്തമാക്കുന്നത്. നമ്മുടെ സമ്പദ്ഘടനയില്‍ അവര്‍ക്കുള്ള വിശ്വാസമാണ്, ശൈഖ് മുഹമ്മദ് തുടര്‍ന്നു.

നിക്ഷേപകരെ പരസ്പരം ബന്ധിപ്പിക്കുന്ന വേദിയാണ് സിറ്റിസ്‌കേപ്. അറബികള്‍ക്കും അല്ലാത്തവര്‍ക്കുമിടയില്‍ സംയുക്ത നിക്ഷപ സംരഭങ്ങളെക്കുറിച്ച് ചിന്തിപ്പിക്കാനുള്ള വേദിയുമാണ് സിറ്റിസ്‌കേപ് പ്രദര്‍ശനം. രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ വാതില്‍ ലോകത്തിന്റെ ഏതുകോണില്‍ നിന്നുമുള്ള നിക്ഷേപകര്‍ക്കുമുമ്പിലും മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് തുടര്‍ന്നുപറഞ്ഞു. നിക്ഷേപകര്‍ക്ക് ആവശ്യമായ എല്ലാ പരിരക്ഷയും നമ്മുടെ സമ്പദ്ഘടന ഉറപ്പുനല്‍കുന്നുണ്ട്. നിക്ഷേപ രംഗത്തും സാമ്പത്തിക കാര്യങ്ങളിലുമുള്ള തട്ടിപ്പുകളും വഞ്ചനയും ഗുരുതരമായി കാണുന്നുണ്ടെന്നും അത്തരം സാഹചര്യങ്ങള്‍ സംഭവിക്കാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും നമ്മുടെ നിയമം കൈക്കൊണ്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.