Connect with us

International

'സൂക്കി പറയുന്നത് കള്ളം; അര്‍സ തീവ്രവാദി സംഘടനയല്ല'

Published

|

Last Updated

വാഷിംഗ്ടണ്‍: റോഹിംഗ്യന്‍ മുസ്‌ലിംകളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന അര്‍സ (അറാകന്‍ റോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി) തീവ്രവാദി സംഘടനയല്ലെന്നും ഇസില്‍, അല്‍ഖാഇദ തുടങ്ങിയ തീവ്രവാദി സംഘടനകളുമായി അര്‍സക്ക് ബന്ധമില്ലെന്നും റോഹിംഗ്യന്‍ വിമോചന സംഘത്തിന്റെ നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മുവാംഗ് സെര്‍നി. അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അര്‍സ നടത്തുന്ന ആക്രമണത്തിന്റെ പേര്പറഞ്ഞ് മ്യാന്മര്‍ സൈന്യം നടത്തുന്നത് റോഹിംഗ്യന്‍ വേട്ടയെ നിഷിതമായി വിമര്‍ശിച്ച സെര്‍നി സൂക്കി കളവ് പറയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അര്‍സയുടെ ഇടപെടലിനെ കുറിച്ച് ചര്‍ച്ചകളും ആരോപണങ്ങളും ഉയരുന്നതിനിടെയാണ് സെര്‍നിയുടെ പ്രസ്താവന. റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങളെ പ്രതിരോധിക്കാനായി രൂപം നല്‍കിയ സംഘടനയാണ് അര്‍സയെന്നും സമാധാനത്തോടെ റാഖിനെയില്‍ റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്ക് ജീവിക്കാനുള്ള അവസരം ഒരുക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും അര്‍സയുടെ സ്ഥാപകന്‍ അതാഉല്ല നേരത്തെ വ്യക്തമാക്കിയിരുന്നു.
വിദേശത്തെ തീവ്രവാദി സംഘടനകളില്‍ നിന്ന് അര്‍സക്ക് പണമോ മറ്റ് സഹായമോ ലഭിക്കുന്നില്ലെന്നും സഊദിയിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളാണ് അര്‍സക്ക് സഹായം നല്‍കുന്നതെന്നും സെര്‍നി വ്യക്തമാക്കി. സ്വയം പ്രതിരോധിക്കാന്‍ തീരുമാനിച്ച പ്രതീക്ഷ നശിച്ച ഒരുകൂട്ടം യുവാക്കളുടെ സംഘടനയാണ് അര്‍സയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മ്യാന്മര്‍ സര്‍ക്കാര്‍ പൗരന്മാരായി പോലും അംഗീകരിക്കാത്ത റോഹിംഗ്യകള്‍ക്കെതിരെ പതിറ്റാണ്ടുകളായി സര്‍ക്കാറും സൈന്യവും ആക്രമണം അഴിച്ചുവിടുകയാണ്. എന്നാല്‍ അര്‍സയുടെ വരവോടെ റോഹിംഗ്യന്‍ വംശഹത്യക്ക് സര്‍ക്കാര്‍ പുതിയ ന്യായീകരണം നല്‍കുകയായിരുന്നു.

Latest