യുവ കോടീശ്വരന്‍മാരില്‍ രണ്ടാമനായി കോഴിക്കോട്ടുകാരന്‍ ഡോ. ഷംഷീര്‍ വയലില്‍

Posted on: September 13, 2017 11:04 pm | Last updated: September 15, 2017 at 12:03 am

അബുദാബി : അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിന്‍ ഫോബ്‌സിന്റെ മികച്ച ഇന്ത്യന്‍ യുവ കോടീശ്വരന്‍മാരില്‍ രണ്ടാമനായി മലയാളിയായ ഡോ. ഷംഷീര്‍ വയലില്‍ ഇടം നേടി. പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ച ഏക മലയാളി കൂടിയാണ് ഡോ. ഷംഷീര്‍.

ഗള്‍ഫിലെയും ഇന്ത്യയിലെയും പ്രഖുഖ ഹെല്‍ത്ത് കെയര്‍ കമ്പനിയായ വി പി എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍, 157 കോടി യുഎസ് ഡോളറിന്റെ ആസ്തിയുമായാണ്, പട്ടികയില്‍ രണ്ടാമനായത്. കഴിഞ്ഞ 31 വര്‍ഷമായി ലോകത്തിലെ ഏറ്റവും പ്രമുഖരായ കോടീശ്വരന്‍മാരുടെയും യുവ കോടീശ്വര്‍മാരുടെയും രാജ്യാന്തര പട്ടികയാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ച് വരുന്നത്. ഇപ്രകാരം, ഫോബ്‌സിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ഈ വര്‍ഷം 2043 പേര്‍ മികച്ച കോടീശ്വരന്മാരാണ്. കഴിഞ്ഞ വര്‍ഷം കോടീശ്വരന്മാരുടെ എണ്ണം 1810 മാത്രമായിരുന്നു. ഇത് ആദ്യമായാണ് ഫോബ്‌സ് പട്ടികയില്‍ കോടീശ്വരന്മാരുടെ എണ്ണം രണ്ടായിരം കവിയുന്നത്. കൊച്ചി ലേയ്ക്ക്‌ഷോര്‍ ഹോസ്പ്പിറ്റല്‍, ഡല്‍ഹിയിലെ റോക്ക് ലാന്‍ഡ് എന്ന മൂന്ന് അത്യാധുനിക ഹോസ്പ്പിറ്റലുകള്‍ ഉള്‍പ്പടെ ഇരുപതോളം ആശുപത്രികളുടെയും മെഡിക്കല്‍ സെന്റുകളുടെയും രാജ്യാന്തര മരുന്ന് നിര്‍മാണ കമ്പനിയുടെയും ഫാര്‍മസികളുടെയും ഉടമ കൂടിയാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീര്‍ വയലില്‍.