Connect with us

Kerala

വേങ്ങര ഉപതിരഞ്ഞെടുപ്പ്; മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി 19ന്‌

Published

|

Last Updated

മലപ്പുറം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയെ 19ന് പ്രഖ്യാപിക്കും. 18ന് കോഴിക്കോട് ലീഗ് പാര്‍ലിമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. പിറ്റെദിവസം പാണക്കാട് വെച്ച് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.

ഇടതുസ്ഥാനാര്‍ഥി പ്രഖ്യാപനം ഇരുപതിനകം ഉണ്ടാകുമെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം ഇ എന്‍ മോഹന്‍ദാസ് പറഞ്ഞു. 20ന് പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. പൊതു സമ്മതനായ സ്വതന്ത്രനെ കണ്ടെത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. അല്ലാത്തപക്ഷം പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എസ് ഡി പി ഐ സ്ഥാനാര്‍ഥിയെ നാളെ പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയെന്ന് ജില്ലാ പ്രസിഡന്റ് ജലീല്‍ നീലാമ്പ്ര പറഞ്ഞു. ബി ജെ പിയും ഇരുപതിനകം സ്ഥാനാര്‍ഥിയെ തീരുമാനിക്കും. വെല്‍ഫെയര്‍ പാര്‍ട്ടിയും പി ഡി പിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച് ഇതുവരെ മനസ് തുറന്നിട്ടില്ല.

ഇതിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ പികെ അബ്ദുര്‍റബ്ബിനെതിരെ ശക്തമായ മത്സരം കാഴ്ച വെച്ച നിലവില്‍ സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത് കഴിഞ്ഞ ദിവസം രാത്രി പാണക്കാട് സാദിഖലി തങ്ങളെ സന്ദര്‍ശിച്ചു. എന്നാല്‍ പാണക്കാട് കുടുംബവുമായി നേരത്തെയുള്ള സൗഹൃദ ബന്ധമാണിതെന്നും മറ്റു ലക്ഷ്യങ്ങളില്ലെന്നുമാണ് നിയാസ് വ്യക്തമാക്കിയത്.

Latest