വരും ദിവസങ്ങളില്‍ ഇന്ധനവില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി

  • ക്രൂഡോയില്‍ വില ഉയര്‍ന്നതാണു പെട്രോള്‍ വില കൂടാന്‍ കാരണം.
  • ടെക്‌സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉല്‍പാദനത്തില്‍ 13% കുറവുവരുത്തി.
  • മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഈടാക്കിയത്.
Posted on: September 13, 2017 7:42 pm | Last updated: September 14, 2017 at 8:57 am
കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ന്യൂഡല്‍ഹി: വരും ദിവസങ്ങളില്‍ ഇന്ധനവില കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. പെട്രോള്‍, ഡീസല്‍ വില പിടിച്ചുനിര്‍ത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതു വിലയില്‍ വ്യത്യാസം കൊണ്ടുവരും. ക്രൂഡോയില്‍ വില ഉയര്‍ന്നതാണു പെട്രോള്‍ വില കൂടാന്‍ കാരണമെന്നും വരുംദിവസങ്ങളില്‍ ക്രൂഡോയില്‍ വില കുറയുമെന്നാണു നിഗമനമെന്നും മന്ത്രി പറഞ്ഞു. ദിനേനയുള്ള ഇന്ധനവില നിര്‍ണയം സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇര്‍മ ചുഴലിക്കാറ്റും പെട്രോള്‍ വിലയില്‍ വര്‍ധനവുണ്ടാക്കിയെന്നും മന്ത്രി അറിയിച്ചു. ടെക്‌സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തില്‍ 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇന്ധന വില അനുദിനം വര്‍ധിക്കുന്നതില്‍ രാജ്യമെങ്ങും പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയത്.

പ്രതിദിനം മാറ്റം നിലവില്‍ വന്നതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപയായിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഈടാക്കിയത്. പുതിയ വില നിര്‍ണയ സംവിധാനം നിലവില്‍ വന്ന ജൂലൈ മുതല്‍ പെട്രോളിന് ആറ് രൂപയും ഡീസലിന് 3.67 രൂപയും വര്‍ധിച്ചു. ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില വര്‍ധിച്ചു.

15 വര്‍ഷമായി മാസത്തില്‍ രണ്ട് തവണ വീതം ഒന്നാം തീയതിയും 16ാം തീയതിയുമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ദിവസേന നിരക്ക് പുതുക്കുന്ന സംവിധാനം കൊണ്ടുവന്നു. ആദ്യത്തെ രണ്ട് ആഴ്ച്ച ഇന്ധന വില കുറഞ്ഞെങ്കിലും ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.