Connect with us

National

ഈ കുടിലുകള്‍ വിട്ട് ഞങ്ങളെങ്ങോട്ട് പോകും?

Published

|

Last Updated

ഡല്‍ഹിയിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ നിന്ന് ചിത്രം: ഇര്‍ശാദ് ഇബ്‌റാഹിം

ന്യൂഡല്‍ഹി: ഈ കുടിലുകള്‍ വിട്ട് ഞങ്ങളെങ്ങോട്ട് പോകും?”- ഡല്‍ഹി കളിന്തികുഞ്ചിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പിലെ മദ്‌റസ അധ്യാപകന്‍ മുഹമ്മദ് ജൗഹര്‍ കേന്ദ്ര സര്‍ക്കാറിന്റെ നാടുകടത്തില്‍ നിലപാടിനോട് നിസ്സഹായനായി പ്രതികരിക്കുന്നതിങ്ങനയാണ്.

മ്യാന്മര്‍ സൈന്യത്തിന്റെയും ബുദ്ധമതക്കാര ആയുധധാരികളുടെയും ക്രൂരമായ ആക്രമണങ്ങളില്‍ നിന്ന് ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെട്ടെത്തിവരാണ് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍. ഈ കുടിലുകളില്‍ നിന്ന് ആട്ടിയിറക്കപ്പെടുമെന്ന് വിശ്വസിക്കാന്‍ ഇനിയും ഇവര്‍ക്കാകുന്നില്ല. തങ്ങളെ നാടുകടത്താന്‍ പോകുന്നുവെന്ന കാര്യത്തോട് കണ്ണുകള്‍ നിറഞ്ഞാണ് മുഹമ്മദ് ജൗഹര്‍ പ്രതികരിച്ചത്. “അക്കാര്യങ്ങളൊന്നും അറിയില്ല. പല മധ്യമങ്ങളുടെയും പ്രതിനിധികള്‍ ഇവിടെ വരാറുണ്ട്. അവരെല്ലാം ഞങ്ങള്‍ക്കെതിരായിട്ടാണ് വാര്‍ത്തകളെഴുതുന്നത്”- ജൗഹര്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനോട് പ്രതികരണം ആരാഞ്ഞപ്പോള്‍ എല്ലാവരും ഇതേ മറുപടി തന്നെയാണ് നല്‍കുന്നത്. ഡല്‍ഹിയിലെ മൂന്ന് റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ എറ്റവും മെച്ചപ്പെട്ടതും നഗരത്തോട് അടുത്തുകിടക്കുന്നതുമായ ക്യാമ്പാണ് കളിന്തികുഞ്ചിലേത്.

ഡല്‍ഹി- ഉത്തര്‍പദേശ് അതിര്‍ത്തി പങ്കിടുന്ന നോയിഡക്കടുത്ത് യമുന നദിക്കരയിലാണ് ക്യാമ്പ്. താര്‍പായകൊണ്ട് കെട്ടിപ്പൊക്കിയ കുടിലുകള്‍. അവക്കിടയില്‍ അതേ രീതിയില്‍ നിര്‍മിച്ച് പള്ളിയും മദ്‌റസയും.

സന്നദ്ധ സംഘടനകളുടെ ശ്രമഫലമായി കുട്ടികളെ സ്‌കൂളില്‍ പറഞ്ഞയക്കുന്നുണ്ട്. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. യുവാക്കള്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ ജോലിക്ക് പോകുന്നു. സ്ത്രീകളടക്കമുള്ളവര്‍ ക്യാമ്പിന് തൊട്ടടുത്ത് തന്നെ വിവിധ തരത്തിലുള്ള ജോലികള്‍ ചെയ്തുവരുന്നു. ഇതിലൂടെയല്ലാം പഴയ ജീവിതം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന അവരുടെ പ്രതീക്ഷക്കുമുകളിലാകും കേന്ദ്ര സര്‍ക്കാറിന്റെ നാടുകടത്തല്‍ നയം ചെന്നുപതിക്കുക. പലരും വര്‍ഷങ്ങള്‍ മുമ്പാണ് ഇവിടെ എത്തിച്ചേരുന്നത്. എല്ലാം ഉപക്ഷിച്ചുള്ള ഓട്ടത്തിനിടയില്‍ പലര്‍ക്കും ഉറ്റവരെ നഷ്ടപ്പെട്ടു. കൂടപ്പിറപ്പുകള്‍ കണ്‍മുന്നില്‍ പിഡിപ്പിക്കപ്പെടുന്നത് കണ്ടവരുണ്ട്. അവര്‍ കൊല്ലപ്പെട്ടോ ഏവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് പോലുമറിയില്ല. പ ക്ഷേ, തങ്ങളിവിടെ സുരക്ഷി തരാണ്. ഇവിടെ ജീവിക്കുന്നത് കുടിലുകളിലാണെങ്കിലും ജീവന് ഭീഷണയില്ലല്ലോയെന്നാണ് അവര്‍ പറയുന്നത്.

രാജ്യം അഭയാര്‍ഥികള്‍ക്ക് നല്‍കിയ ഈ വിശ്വാസം കൂടിയാകും റോഹിംഗ്യകളെ നടുകടത്തുന്നതോടെ നഷ്ടപ്പെടുക. യു എന്നിന്റെ അഭയാര്‍ഥി രജിസ്‌ട്രേഷന്‍ ഉള്ളവരെയും ഇല്ലാത്തവരെയും ഒരു പോലെ തിരിച്ചയക്കണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍.