ജയില്‍ മോചിതനായി അബ്ദുര്‍ റഹീം ഇന്ന് നാട്ടിലെത്തും

Posted on: September 10, 2017 6:45 am | Last updated: September 9, 2017 at 11:58 pm

കായംകുളം: ബഹ്‌റൈനില്‍ വാഹനമിടച്ച് സ്വദേശി പൗരന്‍ മരിച്ച സംഭവത്തില്‍ ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞിരുന്ന കായംകുളം സ്വദേശി അബ്ദുര്‍ റഹീം ജയില്‍ മോചിതനായി ഇന്ന് നാട്ടിലെത്തും.

വലിയപെരുന്നാളിനോടനുബന്ധിച്ചുളള ഇളവില്‍ ഉള്‍പ്പെടുത്തിയാണ് റഹീമിനെ അധികൃതര്‍ മോചിപ്പിച്ചത്. മൂന്ന് വര്‍ഷമാണ് റഹിമിന് ശിക്ഷ വിധിക്കപ്പെട്ടത്. റഹീമിന്റെ ഭാര്യ നജിമോള്‍ മലയാളി സമൂഹത്തിന്റെ ഇടപെടല്‍ അവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ബഷീര്‍ അമ്പലായിയെ ബന്ധപ്പെട്ടിരുന്നു. പ്രവാസി മലയാളി ഫെഡറേഷന്‍ സഊദി ഘടകത്തിന്റെ സഹായത്തോടെയാണ് ബഷീര്‍ അമ്പലായിയെ ബന്ധപ്പെട്ടത്.

ഇദ്ദേഹം ഇന്ത്യന്‍ എംബസി, ബഹ്‌റൈന്‍ മതകാര്യ വകുപ്പ്, റോയല്‍ കോര്‍ട്ട് എന്നിവടങ്ങളില്‍ ദയാഹര്‍ജി സമര്‍പ്പിക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്‍ ബഹ്‌റൈനില്‍ എത്തിയപ്പോള്‍ ഭാര്യയുടെ അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. 2016 ഒക്ടോബര്‍ 26 നാണ് കേസിനാസ്പദമായ സംഭവം. അല്‍ബ റൗണ്ട് എബൗട്ടിന് സമീപത്ത് വെച്ച് റഹീം ഓടിച്ചിരുന്ന വാഹനം തട്ടി സ്വദേശി മരിച്ചു എന്നാണ് പോലീസ് കേസ്്. തുടര്‍ന്ന് പ്രതിയാക്കപ്പെട്ട റഹീമിനെ മൂന്ന് വര്‍ഷത്തെ ജയില്‍വാസവും ഒരു വര്‍ഷം ലൈസന്‍സ് റദ്ദാക്കലും ആണ് ശിക്ഷ വിധിച്ചിരുന്നത്.
11 മാസം റഹീം ജയില്‍ വാസം അനുഭവിച്ചു. മോചിതനായ റഹിം ഏറെ സന്തോഷത്തിലാണ്. യാത്രാ ടിക്കറ്റ് ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറമാണ് നല്‍കിയത്. ഇന്ന് വൈകിട്ടുള്ള ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനത്തില്‍ റഹീം നാട്ടിലേക്ക് തിരിക്കും. കഴിഞ്ഞ വര്‍ഷം പെരുന്നാള്‍ അവധിക്ക് നാട്ടിലേക്ക് വന്ന് മടങ്ങിയ ഉപ്പ തിരികെ വരുന്ന സന്തോഷത്തിലാണ് മക്കള്‍.