Connect with us

Kerala

എസ് എസ് എഫ് സാഹിത്യോത്സവിന് കൊല്ലത്ത് കൊടിയേറ്റം

Published

|

Last Updated

മന്ത്രി ജി സുധാകരൻ സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്യുന്നു

ഖാദിസിയ്യ (കൊല്ലം): തനത് കലകളുടെ സര്‍ഗവസന്തം തീര്‍ത്ത് 24-മത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിന് കൊല്ലത്ത് തുടക്കമായി. കലാരംഗത്ത് അനാരോഗ്യ പ്രവണതകള്‍ മേല്‍കൈ നേടുകയും, മൂല്യം ചോര്‍ന്ന് പ്രദര്‍ശന പരതക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്ത വര്‍ത്തമാന കാല സാഹചര്യത്തില്‍ കലര്‍പ്പില്ലാത്ത കലയുടെ രണ്ടുപകലിരവുകള്‍ കൊല്ലത്തിന് സമ്മാനിച്ചാണ് രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര കലാമാമാങ്കത്തിന് കൊടി ഉയര്‍ന്നത്. വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരനാണ് സാഹിത്യോത്സവിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചത്.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സെഷനില്‍ ഈ വര്‍ഷത്തെ സാഹിത്യോത്സവ് പുരസ്‌കാരം കാഥാകാരന്‍ കെ പി രാമനുണ്ണിക്ക് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍ സമര്‍പ്പിച്ചു. എസ് ശറഫുദ്ദീന്‍ പുരസ്‌കാര ജേതാവിനെ വേദിക്ക് പരിചയപ്പെടുത്തി. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി കെ അബ്ദുര്‍റശീദ് സ്വാഗതം പറഞ്ഞു. വീരാന്‍ കുട്ടി, ഡോ. എന്‍ ഇല്യാസ് കുട്ടി, എം മുഹമ്മദ് സ്വാദിഖ്, അഡ്വ. ഷാനവാസ് ഖാന്‍, സി പി ഉബൈദുല്ല സഖാഫി, ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി സംസാരിച്ചു

മൂല്യം ചോരുന്ന സംസ്‌കാരം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന പ്രഭാഷണങ്ങള്‍ കുരുന്നുകള്‍ അരങ്ങേറിയ പ്രസംഗവേദികളെ ശ്രദ്ധേയമാക്കി. വിവിധ ഭാഷകളിലുള്ള പ്രസംഗങ്ങള്‍, പ്രബന്ധങ്ങള്‍, കഥാ-കവിതാ രചന, വിപ്ലവ ഗാനം, അറബിഗാനം, കഥ പറയല്‍, ദഫ്മുട്ട്, അറബന മുട്ട്, മദ്ഹ് ഗാനം, മാപ്പിളപ്പാട്ട്, മാലപ്പാട്ട്, ഖിറാഅത്ത്, ക്വിസ്, ഗണിത കേളി, വായന, ഭക്തി ഗാനം, വിവിധ വിഭാഗങ്ങളിലെ ചിത്രരചന, കാലിഗ്രഫി തുടങ്ങി നൂറോളം ഇനങ്ങളിലായി മലപ്പുറത്തെ ഈസ്റ്റ്, വെസ്റ്റ് ജില്ലകളുള്‍പ്പെടെ കേരളത്തിലെ 14 ജില്ലകള്‍ക്ക് പുറമെ നീലഗിരി ജില്ലയില്‍ നിന്നുമായി 3000 ത്തോളം പ്രതിഭകളാണ് രാജ്യത്തെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര സാഹിത്യ മാമാങ്കത്തില്‍ മാറ്റുരക്കുന്നത്.

രണ്ടുദിനങ്ങളിലായി 12 വേദികളില്‍ നടക്കുന്ന കലയുടെ മാമാങ്കം കൊല്ലത്തിന് പുതിയ അനുഭവമാണ് സമ്മാനിക്കുന്നത്. ഇത് രണ്ടാം തവണയാണ് കൊല്ലം ജില്ലയും ഖാദിസിയ്യയും ധര്‍മകലാമാമാങ്കത്തിന് വേദിയാകുന്നത്. ഒന്നരപതിറ്റാണ്ടിനിപ്പുറമാണ് കൊല്ലത്ത് സാഹിത്യോത്സവ് വീണ്ടും വിരുന്നെത്തുന്നത്.

 

ബ്യൂറോ ചീഫ്, തിരുവനന്തപുരം