ഫാസിസം വളരുന്നത് ജനങ്ങളെ ഭയപ്പെടുത്തി: ശശികുമാർ

Posted on: September 8, 2017 9:44 pm | Last updated: September 9, 2017 at 2:01 pm

കൊല്ലം: ജനങ്ങളെ ഭയപ്പെടുത്തിയാണ് ഫാസിസം വളരുന്നതെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍. ഇതിനായി ഭീതി മനപൂര്‍വം സൃഷ്ടിക്കുകയാണ്. ഭയത്തിന്റെ അന്തരീക്ഷമില്ലെങ്കില്‍ ഫാസിസത്തിന് വളരാന്‍ കഴിയില്ല. ഫാസിസത്തിന് വളരാന്‍ കഴിയില്ല. സാഹചര്യം സാധാരണ നിലയിലെങ്കില്‍ ഫാസിസത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം കെ പി രാമനുണ്ണിക്ക് കൈമാറി സംസാരിക്കുകയായിരുന്നു ശശികുമാര്‍.

പ്രസംഗിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട്. ജീവിക്കാനുള്ള അവകാശവും മൗലികാവകാശമാണ്. ഇതില്‍ അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശം വിനിയോഗിച്ചതിനാണ് മാധ്യമ പ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന് ജീവന്‍ നഷ്ടപ്പെട്ടത്. ഭരണഘടന നല്‍കുന്ന ഒരു അവകാശം ശരിയായി വിനിയോഗിക്കുമ്പോള്‍ മറ്റൊരു അവകാശം നഷ്ടപ്പെടുന്നതാണ് സ്ഥിതി. ഏതൊരാളുടെയും മതപരമായ വിശ്വാസം സംരക്ഷിക്കപ്പെടണം. ഹിന്ദു എന്നാല്‍ ഹിന്ദുത്വ വര്‍ഗീയതയല്ല. ഐ എസും ഇസ് ലാമും തമ്മില്‍ ബന്ധമില്ലാത്ത പോലെ ഹിന്ദുത്വവും ഹൈന്ദവതയും തമ്മില്‍ ബന്ധമില്ല. സ്‌നേഹം മാത്രം പഠിപ്പിക്കുന്ന ഹിന്ദുമതത്തെ ഭീകരതയായി അവതരിപ്പിക്കുകയാണ്. രാജ്യത്ത് അസഹിഷ്ണുത വളരുന്നതില്‍ ജനങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.