Connect with us

National

ദേരാ ആസ്ഥാനത്തെ റെയ്ഡില്‍ പ്ലാസ്റ്റിക് നാണയങ്ങളും കറന്‍സികളും കണ്ടെത്തി

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാമിന്റെ സിര്‍സയിലെ ആസ്ഥാനത്ത് നടന്ന റെയ്ഡില്‍ പ്ലാസ്റ്റിക് പണം കണ്ടെത്തി. ദേരാ കേന്ദ്രത്തിനുള്ളിലെ ഷോപ്പുകളില്‍ പണമായി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കില്‍ നിര്‍മിച്ച പത്ത് രൂപയുടെയും ഒരു രൂപയുടെയും നാണയങ്ങളാണ് കണ്ടെത്തിയത്. വിവിധ നിറങ്ങളില്‍ നിര്‍മിച്ചിട്ടുള്ള ഈ പ്ലാസ്റ്റിക് നാണയങ്ങളില്‍ “ധന്‍ ധന്‍ സദ്ഗുരു തേരാ ഹി അസാര ദേര സച്ചാ സൗദാ സിര്‍സ” എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

യഥാര്‍ഥ നാണയത്തിന്റെ മാതൃകയിലുള്ള പ്ലാസ്റ്റിക് രൂപത്തില്‍ അതിന്റെ മൂല്യം കൊത്തിവെച്ച നിലയിലാണ് പ്ലാസ്റ്റിക് നാണയങ്ങള്‍. നീല നിറത്തിലുള്ള ഒരു രൂപയുടെയും ഓറഞ്ച് നിറത്തിലുള്ള പത്ത് രൂപയുടെയും ഇത്തരത്തിലുള്ള നാണയങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. സിര്‍സയിലെ ദേരാ ക്യാമ്പസിനുള്ളിലുള്ള കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഈ പണമാണ് അന്തേവാസികള്‍ ഉപയോഗിക്കുന്നത്. സച്ച് എന്ന് ചേര്‍ത്ത് പേരുള്ള കടകളിലാണ് ഈ പണം വിനിമയം ചെയ്യാന്‍ സാധിക്കുക.

റെയ്ഡില്‍ വന്‍ തുകയുടെ കറന്‍സികളും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കനത്ത സുരക്ഷയില്‍ നൂറുക്കണക്കിന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ആസ്ഥാനത്ത് റെയ്ഡ് നടന്നത്.പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു പരിശോധന.

പരിശോധനയോടനുബന്ധിച്ച് സിര്‍സയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കനത്ത സുരക്ഷയാണ് സിര്‍സയില്‍ ഒരുക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി സിര്‍സയില്‍ 41 കന്പനി അര്‍ധസൈനികരെയും സിര്‍സയില്‍ വിന്യസിച്ചു.

800 ഏക്കര്‍ സ്ഥലത്താണ് ദേരാ സച്ചാ സൗധയുടെ ആശ്രമം നിലകൊള്ളുന്നത്. ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, റിസോര്‍ട്ടുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇതിനുള്ളിലുണ്ട്.

ഗുര്‍മീത് കുറ്റക്കാരനാണെന്ന് കോടതി വിധി വന്നതിനു പിന്നാലെ ഉണ്ടായ കലാപത്തില്‍ 38 പേരാണ് ഹരിയാനയിലെ പഞ്ച്കുലയിലും സിര്‍സയിലും മരിച്ചത്. 264 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Latest