Connect with us

International

ഉത്തര കൊറിയന്‍ ഏകാധിപതിയുടെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്ന് യുഎസ്

Published

|

Last Updated

യുണൈറ്റഡ് നാഷന്‍സ്: നിരന്തര ആണവപരീക്ഷണങ്ങള്‍ നടത്തുന്ന ഉത്തര കൊറിയക്ക് എതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്ന് യുഎസ്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കണമെന്നും ഉത്തര കൊറിയക്ക് മേല്‍ എണ്ണ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്ത കരട് പ്രമേയത്തില്‍ അമേരിക്ക ആവശ്യപ്പെട്ടു.

ആറ് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയ ഉത്തര കൊറിയയുടെ നടപടി ഭീഷണി ഉയര്‍ത്തുന്ന ഘട്ടത്തിലാണ് യുഎസിന്റെ ആവശ്യം. ഉത്തരകൊറിയക്ക് എതിരെ കല്‍ക്കരി കയറ്റുമതി ഉപരോധം ഉള്‍പ്പെടെ ഉപരോധങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ ചില മേഖലകളില്‍ അവര്‍ക്ക് ഇപ്പോഴും വ്യാപാരം നടത്താന്‍ സാധിക്കുന്നുണ്ടെന്ന് അമേരിക്ക പറയുന്നു.

എണ്ണ ഉത്പന്നങ്ങളുടെ വിതരണം തടയുക, ടെക്‌സ്റ്റയില്‍ മേഖലയില്‍ ഉപരോധം ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക പുതുതായി മുന്നോട്ട്‌വെക്കുന്നത്. കിം ജോംഗ് ഉന്നിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ച് അദ്ദേഹത്തിന്റെ യാത്രകള്‍ തടയണമെന്ന ആവശ്യവും കരട് പ്രമേയത്തിലുണ്ട്. ഉത്തര കൊറിയക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ ചൈനയും റഷ്യയും എതിര്‍ക്കുമെന്നാണ് സൂചന.

Latest