മുംബൈ സ്‌ഫോടനക്കേസ്: താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ

Posted on: September 7, 2017 1:34 pm | Last updated: September 7, 2017 at 7:56 pm

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ. അധോലോക കുറ്റവാളി അബുസലിമിനും കൂട്ടാളി കരിമുല്ല ഖാനും ജീവപര്യന്തം തടവ് ശിക്ഷയും വിധിച്ചു. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയുടേതാണ് വിധി. റിയാസ് സിദ്ദിഖിന് പത്ത് വര്‍ഷം തടവും വിധിച്ചിട്ടുണ്ട്.

കേസിലെ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഗൂഢാലോചന, ആയുധക്കടത്ത്, കൊലപാതകം എന്നീകുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു. എന്നാല്‍, രാജ്യത്തിനെതിരെ യുദ്ധംചെയ്തു എന്ന കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. വധശിക്ഷ നല്‍കണമന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, 2002ല്‍ അബുസലിനെ ഇന്ത്യക്ക് കൈമാറുമ്പോള്‍ മുന്നോട്ടുവച്ച ഉപാധികളെ തുടര്‍ന്നാണ് അത് ഒഴിവായത്.

സ്‌ഫോടനത്തിന് ആയുധങ്ങളെത്തിച്ചത് അബുസലീമും കൂട്ടാളികളുമാണെന്ന് തെളിഞ്ഞതായി കോടതി കണ്ടെത്തിയിരുന്നു. 1993 മാര്‍ച്ചില്‍ മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ പത്ത് വര്‍ഷം മുമ്പ് പൂര്‍ത്തിയായ ഒന്നാംഘട്ട വിചാരണ വേളയില്‍ നൂറ് പ്രതികളെ കോടതി ശിക്ഷിച്ചു. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ട് വര്‍ഷം മുമ്പ് തൂക്കിലേറ്റിയിരുന്നു.