”നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ലജ്ജിക്കുന്നു”; റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ ഇറക്കിവിട്ട് ഷെഹ്‌ല റാഷിദ്

Posted on: September 7, 2017 12:54 pm | Last updated: September 7, 2017 at 6:20 pm

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പരിപാടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ ഇറക്കിവിട്ട് ജെഎന്‍യു സ്റ്റുഡന്റ് യൂനിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹല റാഷിദ്. പ്രതിഷേധ പരിപാടിയില്‍ ഷെഹ്‌ല സംസാരിക്കവേ മൈക്ക് നീട്ടിയ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറോട് അവര്‍ കടുത്തഭാഷയില്‍ പ്രതികരിച്ചു.

”ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നിങ്ങള്‍ മൂടിവെക്കുകയാണ്. അതുകൊണ്ട് ഇറങ്ങിപ്പോകൂ എനിക്കുനേരെ മൈക്ക് നീട്ടേണ്ട. റിപ്പബ്ലിക് ടിവിയെ ഞങ്ങള്‍ക്കിവിടെ ആവശ്യമില്ല”. ചാനലിന് ഫണ്ട് ചെയ്യുന്ന ബിജെപി എംപിയുടെ ഉത്തരവ് അനുസരിച്ച് മാത്രമാണ് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും നിങ്ങളെപ്പോലെയുള്ളവരെയോര്‍ത്ത് ലജ്ജിക്കുന്നുവെന്നും ഷെഹ്‌ല റിപ്പോര്‍ട്ടറോട് പറഞ്ഞു. കൈയടിയോടെയാണ് ഷെഹ്‌ലയുടെ വാക്കുകള്‍ സദസ്സ് സ്വീകരിച്ചത്.