Connect with us

Kerala

ഗൗരി ലങ്കേഷിന്റെ കൊലപാതകം: ശക്തമായ പ്രതിഷേധമറിയിച്ച് കേരളം

Published

|

Last Updated

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കേരളത്തില്‍ ശക്തമായ പ്രതിഷേധം. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തില്‍ രാഷ്ട്രീയ കേരളം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാഷ്ട്രീയ സാമൂഹിക നേതാക്കള്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയപ്പോള്‍ മാധ്യമസമൂഹം ഒന്നാകെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ചും പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിരന്തരം ശബ്ദിച്ചിരുന്ന വ്യക്തിയായിരുന്നു ഗൗരി ലങ്കേഷ്. കൊലപാതകം ഇന്ത്യയുടെ മനഃസാക്ഷിയെ മുഴുവന്‍ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്നും പത്രപ്രര്‍ത്തക യൂനിയന്‍ അറിയിച്ചു.

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിക്കൊണ്ടുവരാന്‍ ജനാധിപത്യ മതനിരപേക്ഷവാദികള്‍ തയ്യാറാകണമെന്ന് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. തങ്ങളെ അംഗീകരിക്കാത്തവരെ കൊന്നുകളയുകയെന്നുള്ളതാണ് ഫാസിസം കാലങ്ങളായി ചെയ്തുവരുന്നത്. – വി എസ് പ്രതികരിച്ചു.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബെംഗളൂരുവില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലഷ്ണന്‍ അഭിപ്രായപ്പെട്ടു. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവരെ കൊന്നുതള്ളിയ അതേ രീതിയാണ് ഈ കൊലപാതകത്തിന്റെ കാര്യത്തിലും കാണാനാവുക. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കോടിയേരി പ്രതിഷേധം അറിയിച്ചത്. മതേതരത്വത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് വി എം സുധീരന്‍ പ്രതികരിച്ചു.

തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധമാര്‍ച്ച് നടത്തി. കേസരി പരിസരത്തുനിന്ന് ആരംഭിച്ച് പ്രസ്‌ക്ലബിനുമുന്നില്‍ അവസാനിച്ച മാര്‍ച്ചില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം ജി രാധാകൃഷ്ണന്‍, ഗൗരി ദാസന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് കേരളത്തില്‍ എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാന്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ആഹ്വാനം നല്‍കി. കെ എസ് യു സംസ്ഥാന കമ്മിറ്റി ഫാസിസ്റ്റ് പ്രതിരോധ സദസ് സംഘടിപ്പിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്‌കാര സാഹിതിയുടെ നേതൃത്വത്തില്‍ 12 ന് വൈകുന്നേരം 5ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ അസഹിഷ്ണുതക്കെതിരെ സൗഹൃദ ജ്വാല’എന്ന പേരില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. കരളത്തിന് പുറമേ രാജ്യത്തെ വിവിധ നഗരങ്ങളിലും മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ബെംഗളൂരു ടൗണ്‍ഹാള്‍, മാംഗ്ലൂര്‍ ഡി സി ഓഫീസ് പരിസരം, ഡല്‍ഹി പ്രസ്‌ക്ലബ്ബില്‍ 11 മണിക്കും ഉച്ചക്ക് 12.30നും മൂന്നിനും പ്രതിഷേധ പരിപാടികള്‍ നടക്കും. കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു ഗൗരി ലങ്കേശ് ബംഗളൂരുവിലെ വീട്ടില്‍വെച്ച് വെടിയേറ്റ് മരിച്ചത്.