Connect with us

National

ഗൗരി ലങ്കേഷിന്റെ കൊലപാതകം: പ്രതിഷേധം കത്തുന്നു; അന്വേഷണം ഊര്‍ജിതം

Published

|

Last Updated

ബെംഗളൂരു: മുതിര്‍ന്ന പത്രപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. കേസ് അന്വേഷണത്തിന് മൂന്ന് സംഘത്തെ നിയോഗിച്ചതായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഗൗരി ലങ്കേഷിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. പലയിടങ്ങളിലും പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം ജനാധിപത്യത്തിന്റെ കൊലപാതകമെന്ന് സിദ്ധരാമയ്യ പറഞ്ഞു. കുറ്റവാളികളെ എത്രയും വേഗം പിടികൂടണമെന്ന് സിപിഎം ആവശ്യപ്പെട്ടു.
സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു. അപായമണിയാണ് മുഴങ്ങിയിരിക്കുന്നതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. അസഹിഷ്ണുതയുടെ പേരിലുള്ള കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നുവെന്ന് പിണറായി പറഞ്ഞു. ഗൂഢാലോചന മുഴുവന്‍ തുറന്നുകാണിക്കാന്‍ കര്‍ണാടക സര്‍ക്കാറിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രാജ്യം എങ്ങോട്ടാണ് പോകുന്നു എന്നത് ആശങ്കയുളവാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാത്രി എട്ടരയോടെയാണ് ഗൗരി ലങ്കേഷ് രാജരാജേശ്വരി നഗറിലെ തന്റെ വസതിക്കടുത്ത് വെച്ച് വെടിയേറ്റ് മരിച്ചത്. ലങ്കേഷ് പത്രിക എന്ന പ്രതിവാര ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്നു. ബി ജെ പി നല്‍കിയ അപകീര്‍ത്തി കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ട ഗൗരി നിരവധി സാമൂഹിക തിന്മകള്‍ക്കെതിരെ തന്റെ തൂലിക ചലിപ്പിച്ചു.
ക്ലോസ് റേഞ്ചില്‍ നിന്ന് ഏഴ് തവണയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബൈക്കിലെത്തിയ അജ്ഞാതനാണ് കൃത്യം നിര്‍വഹിച്ചതെന്നാണ് പ്രാഥമിക നിഗമനം. ബി ജെ പി നേതാക്കള്‍ക്കെതിരെ നല്‍കിയ ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ അപകീര്‍ത്തി കേസ് നേരിട്ട ഗൗരി ലങ്കേഷിനെ 2016 നവംബറില്‍ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. നേരത്തേ കൊല്ലപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ വിമര്‍ശകന്‍ എം എം കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഗൗരി ഉണ്ടായിരുന്നു. 2015 ആഗസ്റ്റ് മുപ്പതിനാണ് കല്‍ബുര്‍ഗിയെ വകവരുത്തിയത്. കല്‍ബുര്‍ഗി വധക്കേസില്‍ ഇപ്പോഴും ഇരുട്ടില്‍ തപ്പുകയാണ് പോലീസ്.

 

---- facebook comment plugin here -----

Latest