വീണ്ടും സമനില; അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തുലാസില്‍

Posted on: September 6, 2017 9:26 am | Last updated: September 6, 2017 at 9:26 am

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ കൂടുതല്‍ പരുങ്ങലില്‍. തെക്കേ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വെനസ്വേലയുമായി സമനില പിണഞ്ഞതോടെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തുലാസിലായത്. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതമടിച്ചു. രണ്ടാം പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. 50ാം മിനുട്ടില്‍ ജോണ്‍ മ്യുറില്ലോയിലൂടെ വെനസ്വേലയാണ് ആദ്യ ഗോള്‍ നേടിയത്. തൊട്ടുപിന്നാലെ ഭാഗ്യം അര്‍ജന്റീനയുടെ തുണക്കെത്തി.

54ാം മിനുട്ടില്‍ റോള്‍ഫ് ഫ്‌ളെച്ചറുടെ സെള്‍ഫ് ഗോളാണ് അര്‍ജന്റീനയെ സമനിലയിലെത്തിച്ചത്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ അര്‍ജന്റീനക്ക് നിര്‍ണായകമായി. പെറുവും ഇക്വഡോറുമാണ് എതിരാളികള്‍. 16 മത്സരങ്ങളില്‍ 24 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. ഇത്രയും മത്സരങ്ങളില്‍ നിന്ന് 37 പോയിന്റുമായി ബ്രസീലാണ് പട്ടികയില്‍ ഒന്നാമത്. 27 പോയിന്റുമായി ഉറുഗ്വെ രണ്ടാം സ്ഥാനത്തും 26 പോയിന്റുള്ള കൊളംബിയ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമേ നേരിട്ട് യോഗ്യത ലഭിക്കൂ. അഞ്ചാം സ്ഥാനത്തുള്ളവര്‍ക്ക് പ്ലേ ഓഫ് കളിച്ചുവേണം യോഗ്യത നേടാന്‍.

മറ്റ് മത്സരങ്ങളില്‍, ബ്രസീലിനെ കൊളംബിയ സമനിലയില്‍ തളച്ചു. 1-1. ആദ്യ പകുതിയുടെ അധിക സമയത്ത് വില്ലെയ്ന്‍ ആണ് ബ്രസീലിനായി ഗോള്‍ നേടിയത്. 56ാം മിനുട്ടില്‍ റെഡാമെല്‍ ഫാല്‍ക്കാവോ കൊളംബിയയുടെ സമനില ഗോള്‍ നേടി. മറ്റ് മത്സരങ്ങളില്‍ ബൊളിവിയ 1-0ത്തിന് ചിലിയെയും പെറു 2-1ന് ഇക്വഡോറിനെയും ഉറുഗ്വെ 2-1ന് പരാഗ്വെയെയും പരാജയപ്പെടുത്തി.