പതിനഞ്ചാം അന്താരാഷ്ട്ര ഹണ്ടിംഗ് പ്രദര്‍ശനം തലസ്ഥാനത്ത് 12 ന് തുടങ്ങും

Posted on: September 5, 2017 3:18 pm | Last updated: September 7, 2017 at 7:24 pm
SHARE

അബുദാബി: രാജ്യാന്തര ഹണ്ടിംഗ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനം 12 മുതല്‍ 16 വരെ നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ (അഡ്‌നെക്) നടക്കും. കള്‍ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍ കമ്മിറ്റിയും എമിറേറ്റ്‌സ് ഫാല്‍കനേഴ്‌സ് ക്ലബ്ബും ചേര്‍ന്നാണ് പതിനഞ്ചാമതു പ്രദര്‍ശനം നടത്തുന്നത്.

അബുദാബി അല്‍ദഫ്‌റ റീജിയന്‍ റൂളേഴ്‌സ് പ്രതിനിധിയും എമിറേറ്റ്‌സ് ഫാല്‍കനേഴ്‌സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ രക്ഷാകര്‍ത്തൃത്വം വഹിക്കും. അബുദാബി എമിറേറ്റില്‍ നടക്കുന്ന പ്രധാന പൈതൃക പരിപാടികളിലൊന്നാണു രാജ്യാന്തര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശനം. അറബ് ജനതയുടെ പൈതൃകവും സംസ്‌കാരവും പ്രതിഫലിക്കുന്ന വേട്ടയാടലിന്റെയും മല്‍സ്യബന്ധനത്തിന്റെയും പരമ്പരാഗതവും നൂതനവുമായ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് അബുദാബി രാജ്യാന്തര ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശന ഡയറക്ടര്‍ അബ്ദുല്ല ബുത്തി അല്‍ ഖുബൈസി അറിയിച്ചു.

പ്രാപ്പിടിയന്‍ പക്ഷികള്‍, വേട്ടപ്പട്ടികള്‍, ഒട്ടകങ്ങള്‍, കുതിരകള്‍ തുടങ്ങിയവയെയും പ്രദര്‍ശിപ്പിക്കും. മരുഭൂമിയിലെ ഹബൂറ പക്ഷികള്‍, വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കുകള്‍ ഉള്‍പെടെയുള്ള ഉപകരണങ്ങള്‍, വാഹനങ്ങള്‍, വേട്ടരീതികള്‍, എന്നിവയും കൗതുകക്കാഴ്ചയൊരുക്കും. ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ പ്രദര്‍ശന ചരിത്രത്തിലെ ഏറ്റവും വലിയ പ്രദര്‍ശനമാണ് ഇത്തവണ.

43,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 40 രാജ്യങ്ങളില്‍നിന്നുള്ള അറുനൂറിലേറെ കമ്പനികള്‍ എത്തും. ഇതില്‍ 23 ശതമാനവും പുതിയ പ്രദര്‍ശകരാണ്. അഞ്ചു ദിവസത്തെ പ്രദര്‍ശന നഗരിയിലേക്ക് രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി ഒരുലക്ഷത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here