ഉത്തര്‍പ്രദേശില്‍ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലും കൂട്ട ശിശുമരണം

Posted on: September 4, 2017 10:25 am | Last updated: September 5, 2017 at 9:32 am

ലക്‌നൗ: ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ മറ്റൊരു സര്‍ക്കാര്‍ ആശുപത്രിയിലും ശിശുമരണം. ഫറൂഖാബാദിലെ ഡോ. റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് കഴിഞ്ഞ ഒരു മാസത്തിനിടെ 49 നവജാത ശിശുക്കള്‍ക്ക് ജീവന്‍ നഷ്ടമായത്. ഗോരഘ്പൂര്‍ ജില്ലയിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജില്‍ വിവിധ കാരണങ്ങളാല്‍ 300ല്‍ അധികം കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ജൂലൈ 21നും ഓഗസ്റ്റ് 20നും ഇടയിലെ കണക്കുകള്‍ പ്രകാമാണ് റാം മനോഹര്‍ ലോഹ്യ ആശുപത്രിയീല്‍ 49 ശിശുക്കള്‍ മരിച്ചതായി കണ്ടെത്തിയത്. ഇതില്‍ 30 കുട്ടികള്‍ ഐസിയുവില്‍ വെച്ചും 19 പേര്‍ പ്രസവിച്ച ഉടനെയുമാണ് മരിച്ചത്. കുട്ടികളുടെ തൂക്കക്കുറവും ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകുന്നതുമാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പലപ്പോഴും മറ്റു ആശുപത്രികളില്‍ ചികിത്സ തേടി അത്യാസന്ന ഘട്ടത്തില്‍ എത്തുമ്പോഴാണ് കുട്ടികളെ ഇവിടേക്ക് കൊണ്ടുവരാറുള്ളതെന്നും ആശുപത്രി അധികൃതര്‍ പറയുന്നു.

അതേസമയം, നവജാത ശിശുക്കളുടെ മരണത്തിന് കാരണം കാണിക്കാത്ത ആശുപത്രി അധികൃതരുടെ നിലപാടിനെ ജില്ലാ ഭരണകൂടം രൂക്ഷമായി വിമര്‍ശിച്ചു. സംഭവം വിശദമാക്കാരെ ആശുപത്രി അധികൃതര്‍ക്ക് രക്ഷപ്പെടാനാകില്ലെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് അയച്ച 19 നോട്ടീസുകള്‍ക്ക് ആശുപത്രി അധികൃതര്‍ ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല.