ഉത്തര കൊറിയയുമായി സഹകരിച്ചാൽ ഉപരോധം; ഭീഷണിയുമായി ട്രംപ്

Posted on: September 4, 2017 9:57 am | Last updated: September 5, 2017 at 9:13 am

വാഷിങ്ടണ്‍: ഉത്തര കൊറിയയുമായി ബന്ധം സ്ഥാപിക്കുന്ന എല്ലാ രാജ്യങ്ങള്‍ക്കും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രാജ്യങ്ങളുമായി എല്ലാ തരത്തിലുമുള്ള വാണിജ്യ ബന്ധങ്ങകളും അവസാനിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി.

അതിനിടെ, ഉത്തര കൊറിയക്കെതിരെ ശക്തമായ സൈനിക നടപടിക്ക് മടിക്കില്ലെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് ട്രംപ്, വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജയിംസ് മാറ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉത്തര കൊറിയ തുടര്‍ച്ചയായി ആണവ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നതാണ് യുഎസിനെ ചൊടിപ്പിക്കുന്നത്. കഴിഞ്ഞദിവസം മാരക പ്രഹരശേഷിയുള്ള ഹൈഡ്രജന്‍ ബോംബ് ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. യുഎസിന്റെ പ്രധാന നഗരങ്ങളെ പരിധിയില്‍ ആക്കാന്‍ കഴിയുന്ന അത്യാധുനിക ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതും അടുത്തിടെയാണ്.