Connect with us

International

മ്യാന്മറില്‍ റോഹിംഗ്യകള്‍ക്ക് നേരെയുള്ള ആക്രമണം; ഭക്ഷ്യ വിതരണം നിര്‍ത്തി

Published

|

Last Updated

മ്യാന്മറില്‍ പലായനം ചെയ്യുന്ന റോഹിംഗ്യകള്‍ വയോധികനെ കസേരയില്‍ ഇരുത്തി കൊണ്ടുപോകുന്നു

യാങ്കൂണ്‍: മ്യാന്മറിലെ സംഘര്‍ഷബാധിത സംസ്ഥാനമായ റാഖിനിലേക്കുള്ള ഭക്ഷ്യസഹായ വിതരണം വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യൂ എഫ് പി) നിര്‍ത്തിവച്ചു. ഭക്ഷണം റോഹിംഗ്യകളുടെ കൈകളിലെത്താന്‍ അനുവദിക്കുന്നുവെന്ന ആരോപണം സന്നദ്ധ സംഘടനയായ ഡബ്ല്യൂ എഫ് പിക്കെതിരെ മ്യാന്മര്‍ ഉന്നയിക്കുന്നതിനിടെയാണ് നടപടി. റാഖിനിലെ സ്ഥിതിഗതികള്‍ വഷളാക്കുകയും ആയിരക്കണക്കിന് റോഹിംഗ്യ മുസ്‌ലിംകള്‍ ഉള്‍പ്പെടെ മരിക്കുകയും ചെയ്യുന്നതിനിടെയാണ് ഭക്ഷ്യ വിതരണം നിര്‍ത്തിയിരിക്കുന്നത്. ആഗസ്റ്റ് 25ന് റോഹിംഗ്യകള്‍ പോലീസ് പോസ്റ്റുകള്‍ ആക്രമിച്ചതാണ് നിലവിലെ സംഘര്‍ഷത്തിന് കാരണമെന്നാണ് മ്യാന്മര്‍ സര്‍ക്കാര്‍ പറയുന്നത്.
സംഘര്‍ഷങ്ങളെ തുടര്‍ന്ന് 2012 മുതല്‍ 120,000 പേരാണ് സന്നദ്ധ സംഘടനകളെ ആശ്രയിച്ച് ക്യാമ്പുകളില്‍ കഴിയുന്നത്. ഇതില്‍ ഭൂരിഭാഗവും റോഹിംഗ്യ മുസ്‌ലിംകളാണ്. റോഹിംഗ്യ പക്ഷപാതം ആരോപിക്കപ്പെടുന്നതിനാലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനാലുമാണ് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍വാങ്ങുന്നതെന്ന് സന്നദ്ധ സംഘടനകള്‍ അറിയിച്ചു. സുരക്ഷാ കാരണങ്ങളാലാണ് റാഖിന്‍ സംസ്ഥാനത്തെ ഭക്ഷ്യ സഹായ പദ്ധതി നിര്‍ത്തലാക്കുന്നത്. ഇത് ആഭ്യന്തരമായി പലായനം ചെയ്യപ്പെട്ട 250,000ത്തോളം പേരെ ദോഷകരമായി ബാധിക്കുമെന്നും ഡബ്ല്യൂ എഫ് പി പ്രസ്താവനയില്‍ പറഞ്ഞു. മ്യാന്മറിലെ റോഹിംഗ്യകളെ അനധികൃത കുടിയേറ്റക്കാരായാണ് സര്‍ക്കാര്‍ കാണുന്നത്. ഇവര്‍ക്ക് പൗരത്വം നല്‍കുന്നില്ല. 2012 മുതല്‍ ഇവര്‍ കൂട്ടക്കൊലക്ക് ഇരയാകുകയാണ്.

 

Latest