Connect with us

National

ചോദ്യങ്ങളോട് മോദിക്ക് അസഹിഷ്ണുത; കര്‍ഷക ആത്മഹത്യയെക്കുറിച്ച് സംസാരിച്ച ബി ജെ പി എം പിക്ക് ശകാരം

Published

|

Last Updated

ന്യൂഡല്‍ഹി: പാര്‍ട്ടി യോഗങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിക്കുന്ന അസഹിഷ്ണുത വെളിപ്പെടുത്തി മഹാരാഷ്ട്രയില്‍ നിന്നുള്ള ബി ജെ പി എം പി. മോദിക്ക് ചോദ്യങ്ങള്‍ ചോദിക്കുന്നത് ഇഷ്ടമല്ലെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം കുപിതനായി പ്രതികരിച്ചുവെന്നും ബാന്ദ്രയില്‍ നിന്നുള്ള ലോക്‌സഭാംഗം നാനാ പട്ടോല്‍ പറഞ്ഞു. നാഗ്പൂരില്‍ കര്‍ഷക യോഗത്തില്‍ സംസാരിക്കവേയാണ് പട്ടോല്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒ ബി സി വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ പദ്ധതികളെക്കുറിച്ച് ചോദിക്കുകയും കര്‍ഷക ആത്മഹത്യകള്‍ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതാണ് മോദിയെ പ്രകോപിപ്പിച്ചത്. കര്‍ഷക ആത്മഹത്യ തടയാന്‍ എന്‍ ഡി എ സര്‍ക്കാര്‍ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാന്‍ പോകുന്നതെന്ന് പട്ടോല്‍ ചോദിച്ചു. ആദ്യം താങ്കള്‍ പാര്‍ട്ടി പ്രകടനപത്രിക വായിച്ചു വരൂവെന്നായിരുന്നു മോദിയുടെ മറുപടി. അങ്ങനെ വായിച്ച് പഠിച്ചാല്‍ സര്‍ക്കാര്‍ പദ്ധതി അറിയാനാകുമെന്നും മോദി കുപിതനായി പ്രതികരിച്ചുവെന്ന് പട്ടോല്‍ വ്യക്തമാക്കി.
ബി ജെ പി എം പിമാരുമായി പ്രധാനമന്ത്രി നിരന്തരം കൂടികാഴ്ച നടത്താറുണ്ട്. എന്നാല്‍, ചോദ്യങ്ങള്‍ ചോദിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. ഗ്രീന്‍ ടാക്‌സ്, കര്‍ഷക ആത്മഹത്യ എന്നിവയെ കുറിച്ച് താന്‍ ചോദിച്ചു. ചില നിര്‍ദേശങ്ങള്‍ വെക്കുകയായിരുന്നു ലക്ഷ്യം. അതിന് അദ്ദേഹം ദേഷ്യപ്പെടുകയും തന്നോട് വായടക്കാന്‍ പറയുകയുമാണ് ചെയ്തത്. എല്ലാ കേന്ദ്ര മന്ത്രിമാരും എപ്പോഴും ഭയപ്പാടോടെയാണ് കഴിയുന്നതെന്നും, അതിനാല്‍ തന്നെ തനിക്ക് മന്ത്രിസഭയിലെത്താന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെയും അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചു. കേന്ദ്ര ഫണ്ടുകള്‍ സംസ്ഥാനത്ത് എത്തിക്കുന്നതില്‍ മുഖ്യമന്ത്രി പരാജയമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശം. കര്‍ഷകരുടെ കണ്ണീരൊപ്പുന്നതില്‍ ഫട്‌നാവിസ് സര്‍കാര്‍ തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് മുംബൈ നഗരം ഒരുപാട് സംഭാവന ചെയ്യുമ്പോഴും മഹാരാഷ്ട്രക്ക് കേന്ദ്രം വളരെ കുറച്ചേ നല്‍കുന്നുള്ളൂ. പാര്‍ലിമെന്റ് തുടങ്ങുന്നതിന് മുമ്പ് എം പിമാരുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. താനിപ്പോള്‍ നേതാക്കളുടെ ഹിറ്റ് ലിസ്റ്റിലെത്തിയെങ്കിലും തനിക്ക് ആരെയും ഭയമില്ല. പറയാനുള്ളത് പറയുക തന്നെ ചെയ്യും. താന്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നയാളല്ലാത്തത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നതെന്നും പട്ടോല്‍ തുറന്നടിച്ചു.

Latest