Connect with us

Kerala

കമല്‍ഹാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്‌ കമല്‍

Published

|

Last Updated

തിരുവനന്തപുരം: നടന്‍ കമല്‍ഹാസന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില് വെച്ചായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചക്ക് രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് കമല്‍ഹാസന്‍ പിന്നീട് പ്രതികരിച്ചു. ഇതൊരുപഠനാവസരം കൂടിയാണ്. പിണറായി വിജയന്റെ അനുഭവങ്ങള്‍ മനസ്സിലാക്കാനുള്ള സന്ദര്‍ഭമാണ്. കഴിഞ്ഞ ഓണത്തിന് തന്നെ വരാനിരുന്നതായിരുന്നു. എന്നാല്‍, ചെറിയൊരു അപകടത്തെ തുടര്‍ന്ന് അത് നടന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നുവെങ്കിലും സംഭാഷണത്തില്‍ രാഷ്ട്രീയവും കടന്നുവന്നുവെന്ന് കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കമല്‍ഹാസനുമായി നല്ല സൗഹൃദമുണ്ട്. തിരുവനന്തപുരത്ത് വരുമ്പോഴൊക്കെ കാണാറുണ്ട്. മുഖ്യമന്ത്രിയായ ശേഷം ആദ്യമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. ദക്ഷിണേന്ത്യയിലെയും പ്രത്യേകിച്ച് തമിഴ്‌നാട്ടിലെയും രാഷ്ട്രീയ കാര്യങ്ങളാണ് സംസാരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

തമിഴ്‌നാട്ടിലെ രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി പ്രതികരിക്കുന്ന നടനാണ് കമല്‍ഹാസന്‍. സര്‍ക്കാറിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത കമല്‍ഹാസന്‍ മന്ത്രിമാരേക്കാള്‍ വലുത് ജനങ്ങളാണെന്ന് മനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

 

Latest