ബെവ്‌കോ ജീവനക്കാര്‍ക്ക്‌ 85,000 രൂപ തന്നെ ബോണസ്

Posted on: August 28, 2017 12:24 pm | Last updated: August 28, 2017 at 3:42 pm

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് ഓണത്തിന് 85,000 രൂപ തന്നെ ബോണസായി ലഭിക്കും. വന്‍തുക ബോണസ് നല്‍കുന്നത് റദ്ദാക്കണമെന്ന ധനവകുപ്പിന്റെ നിര്‍ദേശം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയതോടെയാണിത്. നേരത്തെയുള്ള തീരുമാനം മാറ്റേണ്ടെന്ന് മുഖ്യമന്ത്രി നലപാടെടുത്തു. അതേസമയം, ഡേപ്യൂട്ടേഷനില്‍ ജോലിചെയ്യുന്നവര്‍ക്ക് അടുത്തവര്‍ഷം ബോണസ് നല്‍കില്ല. ഉയര്‍ന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേരാണ് ബെവ്‌കോയില്‍ ഡെപ്യൂട്ടേഷനില്‍ കയറിക്കൂടാന്‍ ശ്രമിച്ചത്.

85,000 രൂപ വരെ ബോണസ് നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്വമാണെന്നും ഇത് നിയന്ത്രിക്കണമെന്നും അഭ്യര്‍ഥിച്ച് ധനമന്ത്രി തോമസ് ഐസക് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ശമ്പളത്തിന്റെ രണ്ട് മടങ്ങിലേറെ തുകയാണ് ഇത്തവണ ബെവ്‌കോയില്‍ മിക്ക ജീവനക്കാര്‍ക്കും ബോണസ് ലഭിച്ചത്. 85,000 രൂപ വരെ ബോണസ് നല്‍കിയത് പൊതുസമൂഹത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സും ചേര്‍ത്ത് 29.50 ശതമാനം ബോണസാണ് ഇത്തവണ നല്‍കിയത്. കൂടാതെ ഓണത്തിന് ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി രണ്ടായിരം രൂപ നല്‍കാനും തീരുമാനിച്ചിരുന്നു. സി1, സി2, സി3 കാറ്റഗറിയില്‍പ്പെട്ട അബ്കാരി തൊഴിലാളികള്‍ക്ക് ഓണത്തിന് ഒരു ലക്ഷം രൂപയോളമാണ് ലഭിച്ചത്.