Connect with us

Articles

കഥ പറയുന്ന സംസം

Published

|

Last Updated

ഉജ്ജ്വലമായ ഒരു നാഗരികതയുടെ അനശ്വരമായ ഓര്‍മകള്‍ സമ്മാനിച്ച് ഒരിക്കലും വറ്റാത്ത നീരുറവയായി സംസം ഇന്നും നിലകൊള്ളുന്നു. നമ്മുടെ നാട്ടില്‍ നിന്നുള്ള ഹാജിമാരുടെ യാത്ര ഏറെക്കുറെ പൂര്‍ത്തിയായി. ഇനി തിരിച്ചുവരവിനെക്കുറിച്ച് നാമോര്‍ക്കുമ്പോള്‍ സംസം എന്ന പുണ്യപാനമായിരിക്കും ഓരോരുത്തരുടെയും മനസ്സില്‍ ഓളം വെട്ടുന്നത്.
ലോകാത്ഭുതങ്ങളില്‍ തുല്യതയില്ലാത്തതാണ് സംസം. സഹസ്രാബ്ദങ്ങളുടെ ഉദാരപ്രവാഹമായി തലമുറകളുടെ ദാഹം തീര്‍ക്കുന്ന വിസ്മയ ജലമാണത്. സമുദ്രനിരപ്പില്‍ നിന്ന് നൂറുകണക്കിന് അടി ഉയരത്തില്‍, കഅ്ബാ മന്ദിരത്തിന്റെ കിഴക്കുഭാഗത്തെ മുറ്റത്ത് സ്ഥിതി ചെയ്യുന്ന സംസം കിണറില്‍ നിന്ന് അതിശക്തിയുള്ള നിരവധി മോട്ടോര്‍ പമ്പുകളുപയോഗിച്ച് ഇടതടവില്ലാതെ പമ്പുചെയ്തുകൊണ്ടിരിക്കുകയാണ്.

മക്കാ നിവാസികളും അല്ലാഹുവിന്റെ അതിഥികളായി എത്തുന്നവരുമായ ലക്ഷോപലക്ഷം ജനങ്ങള്‍ ആവോളം കുടിക്കുന്നു. മദീനാ ഹറമിലും അതേപോലെ ഉപയോഗിക്കുന്നു.
ലക്ഷക്കണക്കിന് ആളുകള്‍ പാത്രങ്ങളിലാക്കി ഈ പുണ്യജലം നാട്ടിലേക്ക് കൊണ്ടുപോകുന്നു. ഓര്‍ക്കണം ഇതെല്ലാം ഒരു കൊച്ചു കിണറില്‍ നിന്നാണ്. സംസം ഏതെങ്കിലും വര്‍ഷം വറ്റിയതായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. മക്കയില്‍ തന്നെ ഇതുപോലെ ജലലഭ്യതയുള്ള വേറെ കിണറുകളൊന്നുമില്ല താനും. “അവിടെ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ഈ മഹാത്ഭുതത്തെയാണ് സൂചിപ്പിക്കുന്നത്.
ഈ അത്ഭുത നീരുറവക്ക് പിന്നില്‍ കോരിത്തരിപ്പിക്കുന്ന ചരിത്രമുറങ്ങുന്നുണ്ട്. അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം വാര്‍ധക്യ കാലത്ത് ലഭിച്ച കുഞ്ഞിനെയും മാതാവായ ഹാജറിനെയും ഹസ്‌റത്ത് ഇബ്‌റാഹീം (അ) ഈ വിജനഭൂമിയില്‍ കൊണ്ടാക്കി തിരിച്ചുനടക്കുകയായിരുന്നു. ദുഃഖഭാരത്താല്‍ ഒരക്ഷരം ഉരിയാടാന്‍ ഇബ്‌റാഹീം നബിക്ക് കഴിയുമായിരുന്നില്ല. ഇസ്മാഈല്‍ എന്ന കൈക്കുഞ്ഞിനെയുമെടുത്ത് ഹാജര്‍ എന്ന മാതാവ് പിന്നാലെ ചെന്നു കൊണ്ട് ചോദിച്ചു. “ഒരു കൃഷിയും മനുഷ്യനുമില്ലാത്ത ഈ സ്ഥലത്ത് ഞങ്ങളെ തനിച്ചാക്കി നിങ്ങള്‍ പോകുകയാണോ?” പ്രതികരിക്കാന്‍ സാധിക്കാതെ മുന്നോട്ട് നീങ്ങിയ ഇബ്‌റാഹീം നബി(അ)യോട് വീണ്ടും ആ മാതാവ് ചോദിച്ചു.

“അല്ലാഹുവാണോ നിങ്ങളോടിത് കല്‍പ്പിച്ചത്?” മഹാന്‍ പറഞ്ഞു: അതെ. “എങ്കില്‍ അവന്‍ ഞങ്ങളെ കൈവിടില്ല. ഇബ്‌റാഹീം(അ) കൊടുത്തുപോയ ഈത്തപ്പഴവും വെള്ളവും ദിവസങ്ങള്‍ കൊണ്ടു തീര്‍ന്നുപോയി. ദാഹവും വിശപ്പും കഠിനമായി. മുലയില്‍ പാലിന് പകരം ചോര ചുരത്താന്‍ തുടങ്ങി. വെപ്രാളപ്പെട്ട ആ ധീരവനിത തന്റെ കുഞ്ഞിന്റെ കരച്ചില്‍ സഹിക്കാനാകാതെ സ്വഫയിലും മര്‍വയിലും തലങ്ങും വിലങ്ങും ഓടി.
അവസാനം ആ കാഴ്ച അവരെ ആത്ഭുതപ്പെടുത്തി. ദാഹിച്ച് കാലിട്ടടിച്ച ഇസ്മാഈലിന്റെ കാലിനടിയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നു. മഹതി ഓടിച്ചെന്ന് മണ്ണുകൊണ്ട് തടയുണ്ടാക്കിയിട്ട് പറഞ്ഞു, “സംസം”- അടങ്ങുക. ഇതാണ് ആ അനുഗ്രഹീത പാനം.

സംസമിന്റെ പുണ്യം വിശദീകരിച്ചു കൊണ്ട് നബി(സ) പറഞ്ഞു. “സംസം എന്തു ഉദ്യേശ്യത്തോടെ കുടിക്കുന്നുവോ അത് അതിനുള്ളതാണ്. രോഗശമനത്തിനായി കുടിച്ചാല്‍ അല്ലാഹു ശിഫ നല്‍കും. ദാഹശമനം കരുതി കുടിച്ചാല്‍ അല്ലാഹു ദാഹം ശമിപ്പിക്കും. വിശപ്പ് മാറാനുദ്ദേശിച്ച് കുടിച്ചാല്‍ അല്ലാഹു അതു മാറ്റിത്തരും”.(ഹാകിം, ദാറുഖുത്‌നി)
ഖിബ്‌ലക്കു നേരെയിരുന്ന് സദുദ്ദേശ്യങ്ങള്‍ മനസ്സില്‍ കരുതി യാണ് ഈ പുണ്യ ജലം പാനം ചെയ്യേണ്ടത്. നബി(സ) സംസം മദീനയിലേക്ക് കൊണ്ടുപോകുകയും രോഗികളുടെ മേല്‍ ഒഴിക്കുകയും ചെയ്തിരുന്നതായി ബീവി ആഇശ(റ) ഉദ്ധരിക്കുന്നുണ്ട്. മഹാന്മാരുടെ ആസാറുകള്‍ക്ക് ബറകത്തുണ്ട് എന്ന മുസ്‌ലിം ലോകത്തിന്റെ വിശ്വാസത്തെ വിളംബരപ്പെടുത്തുന്നതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സംസവുമായി പറക്കുന്ന വിമാനങ്ങളും ജലയാനങ്ങളും. സത്യവിശ്വാസി സംസം വയറു നിറയെ കുടിക്കുമെന്നും കപടന്മാര്‍ അല്‍പ്പം മാത്രം കുടിച്ച് മതിയാക്കുമെന്നും നബി(സ) പറഞ്ഞിട്ടുണ്ട്.

സംസം പാനം ചെയ്തതിന് ശേഷം അല്‍പ്പം തലയില്‍ ഒഴിക്കുന്നതും നെഞ്ചും മുഖവും കഴുകുന്നതും സുന്നത്താണ്. ത്വവാഫിന് ശേഷമുള്ള നിസ്‌കാരം കഴിഞ്ഞാല്‍ ഇത് കുടിക്കല്‍ സുന്നത്തുണ്ട്. ഇബ്‌റാഹീം കുടുംബത്തിന്റെ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പ്രോജ്വലിക്കുന്ന സ്മരണകള്‍ മനോതലങ്ങളില്‍ കത്തിച്ചു നിര്‍ത്തിയല്ലാതെ വിശ്വാസികള്‍ക്ക് സംസം പാനം ചെയ്യാനാകില്ല. അതു തന്നെയാണ് ഈ പുണ്യജലം ഇതര പാനീയങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്നതും.

Latest