സമ്പല്‍സമൃദ്ധമായ ഇന്ത്യയുടെ പടയാളികളാകാന്‍ രാജ്യത്തെ സിഇഒമാരോട് പ്രധാനമന്ത്രി

Posted on: August 22, 2017 10:44 pm | Last updated: August 23, 2017 at 9:50 am

ന്യൂഡല്‍ഹി : സമ്പല്‍സമൃദ്ധമായ ഇന്ത്യയുടെ പടയാളികളാകാന്‍ രാജ്യത്തെ സിഇഒമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. നിതി ആയോഗ് സംഘടിപ്പിച്ച യുവ വ്യവസായി സംഗമത്തില്‍ പ്രസംഗിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 2022നുള്ളില്‍ ‘കറന്‍സിരഹിത ഇന്ത്യ’യെ സൃഷ്ടിക്കാനുള്ള തന്റെ യജ്ഞത്തില്‍ പങ്കാളികളാകാനും യുവ വ്യവസായികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വികസനമെന്നത് ബഹുജന മുന്നേറ്റമായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ സമരത്തെ ഒരു ബഹുജന മുന്നേറ്റമാക്കി മാറ്റി ഉദ്ദേശിച്ച ഫലം നേടിയെടുത്ത മഹാത്മ ഗാന്ധിയുടെ ഉദാഹരണവും അദ്ദേഹം പങ്കുവച്ചു.

 

രാജ്യത്തിനായി സംഭാവന ചെയ്യുകയെന്ന ലക്ഷ്യം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിയണം. ഈ രാജ്യം തന്റെ സ്വന്തമാണെന്ന തോന്നല്‍ ഓരോ പൗരനിലും സൃഷ്ടിക്കാന്‍ നമുക്കു സാധിക്കണം. ഈ രാജ്യത്തിനായും അതിന്റെ വളര്‍ച്ചയ്ക്കായും തന്നാലാവുന്ന സംഭാവന നല്‍കാന്‍ അതുവഴി ഓരോരുത്തരും തയാറാകുമെന്നും മോദി ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യകള്‍ രൂപപ്പെടുത്തുമ്പോള്‍ രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാരായ വ്യക്തികളായിരിക്കണം നിങ്ങളുടെ മനസില്ലെന്നും അദ്ദേഹം സിഇഒമാരെ ആഹ്വാനം ചെയ്തു.

 

മെയ്ക്ക് ഇന്‍ ഇന്ത്യ, കാര്‍ഷിക വരുമാനം ഇരട്ടിയാക്കല്‍, ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍, ഭാവി നഗരങ്ങള്‍, ധനകാര്യ പരിഷ്‌കരണം, ന്യൂ ഇന്ത്യ എന്നീ വിഷയങ്ങളില്‍ യുവ വ്യവസായി സംഘങ്ങള്‍ അവതരണം നടത്തി. കേന്ദ്രമന്ത്രിമാരും സമ്മേളനത്തില്‍ പങ്കെടുത്തു.