Connect with us

National

ഗൊരഖ്പൂര്‍ ദുരന്തം: യുപി സര്‍ക്കാറിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ഗൊരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഏഴുപതിലേറെ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ യുപി സര്‍ക്കാറിന് നോട്ടീസയച്ചു. നാല് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നോട്ടീസില്‍ പറയുന്നു.

ഗൊരഖ്പൂര്‍ വിഷയത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. സുപ്രീം കോടതി നേരിട്ട് ഇടപെടണമെന്നും പ്രത്യേക അന്വേഷണസംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹരജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു.

കഴിഞ്ഞ ഒരാഴ്ചക്കിടെ നവജാത ശിശുക്കള്‍ ഉള്‍പ്പെടെ 70 ലേറെ കുട്ടികളാണ് ആശുപത്രിയില്‍ മരണപ്പെട്ടത്. എന്നാല്‍ കുട്ടികള്‍ മരിച്ചത് ഓക്‌സിജന്റെ കുറവ് മൂലമല്ലെന്നും ജപ്പാന്‍ ജ്വരവും മസ്തിഷ്‌ക ജ്വരവും ബാധിച്ചാണെന്നുമാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം.

 

Latest