Connect with us

Articles

ജി എസ് ടി ബൂമറാങ്ങാകുന്നോ?

Published

|

Last Updated

ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധന പെട്ടെന്ന് സ്വാധീനിക്കുന്ന കേരളത്തില്‍; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജി എസ് ടി ഫലത്തില്‍ ബൂമറാങ്ങായി തിരിച്ചടിക്കുന്ന അവസ്ഥയിലാണിപ്പോള്‍. നേരത്തെ യു പി എ കാലത്ത് വിഭാവന ചെയ്ത മാനദണ്ഡങ്ങളില്‍ കോര്‍പറേറ്റ് താത്പര്യങ്ങളോടെ മോദി സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കാരങ്ങളും രാജ്യത്തിന്റെ നികുതി ഘടനയെ പരിഷ്‌കരിക്കുമ്പോഴുണ്ടാകുന്ന വീഴ്ചകളെ ഗൗരവത്തോടെ കാണാതിരുന്നതുമാണ് സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിന്റെ ആനുകൂല്യങ്ങള്‍ മലയാളിക്ക് ലഭിക്കാതെ പോയതിന് കാരണം. ജി എസ് ടിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അധിക നികുതിവരവാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ആദ്യ മാസം നികുതിവരവില്‍ വന്‍കുറവാണ് കാണുന്നത്.
ഉത്പാദനം കുറഞ്ഞ, ദൈനംദിന ആവശ്യങ്ങള്‍ക്കു അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് ഏകീകൃത നികുതി പരിഷ്‌കാരം ഗുണമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഒരു വസ്തുവിന് നിലവിലുള്ള വിലയോടൊപ്പം ജി എസ് ടി നിരക്ക് കൂടി വര്‍ധിച്ചുവെന്നതിനപ്പുറം നികുതി പരിഷ്‌കാരത്തിന്റെ ഫലം പ്രകടമായിട്ടില്ലെന്ന് വേണം കരുതാന്‍. ജി എസ് ടി നടപ്പാക്കുന്നതിന് മുമ്പേ നടന്ന കൗണ്‍സില്‍ യോഗങ്ങളിലെല്ലാം കോര്‍പറേറ്റ് താത്പര്യത്തോടെയുള്ള കേന്ദ്ര ഇടപെടലുകളെ കേരളം ശകതമായി എതിര്‍ത്തിരുന്നുവെന്നത് ശരിയാണ്.
നികുതി പരിഷ്‌കാരത്തിന്റെ മറവില്‍ വ്യാപാരികള്‍ അമിത ലാഭമെടുക്കാനുള്ള സാധ്യത കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാറിനെയും ധനമന്ത്രാലയത്തെയും ഉണര്‍ത്തിയിരുന്നു. ഈ ശ്രമങ്ങളെ തടയാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍, ഇതിന് ഫലപ്രദമായ ഒരു സംവിധാനവും ഇതുവരെ നിലവില്‍ വന്നിട്ടില്ല. ഒരു രാജ്യത്ത് നികുതി പരിഷ്‌കാരം നടപ്പിലാക്കുമ്പോള്‍ അമിത ലാഭമെടുക്കുന്നവരെ നിയന്ത്രിക്കാനുള്ള അധികാര കേന്ദ്രമായ നാഷനല്‍ ആന്റി പ്രോഫിറ്റീയറിംഗ് അതോറിറ്റി എന്ന സംവിധാനമാണ് ആദ്യഘട്ടത്തില്‍ രൂപവത്കരിക്കുക. എന്നാല്‍ 100 കോടിയിലേറെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ജി എസ് ടി നടപ്പിലാക്കി ഒന്നര മാസം പിന്നിടുമ്പോഴും ഈ അതോറിറ്റി നിലവില്‍ വന്നിട്ടില്ല. മാത്രമല്ല, ഇത് വരാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നാണറിയുന്നത്. അതുവരെ അമിത ലാഭമെടുക്കുന്നവരെപ്പറ്റി ആരോട് പരാതിപറയും? ആന്റി പ്രോഫിറ്റിയറിംഗ് അതോറിറ്റി രൂപവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു എന്നു മാത്രമാണ് കേന്ദ്ര ധനമന്ത്രാലയം പറഞ്ഞുകൊണ്ടിരിക്കുന്നത്.
അഥോറിറ്റി അധ്യക്ഷന്‍, അംഗങ്ങള്‍ എന്നിവരെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ തന്നെ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അതോറിറ്റി പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ എത്രനാള്‍ പിടിക്കുമെന്ന കാര്യത്തില്‍ ധനമന്ത്രാലയം വ്യക്തമായ വിശദീകരണം നല്‍കിയിട്ടില്ല. അമിതലാഭമെടുക്കല്‍ തടയുന്നതിനായുള്ള ഈ സംവിധാനത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി, സംസ്ഥാനതല സ്റ്റിയറിംഗ് കമ്മിറ്റി, ദേശീയതലത്തില്‍ ആന്റി പ്രോഫിറ്റീയറിംഗ് അതോറിറ്റി എന്നിങ്ങനെ മൂന്നു ശ്രേണികളാണുള്ളത്. അമിതലാഭമെടുക്കുന്ന കമ്പനികളോട് വിലകുറക്കാന്‍ നിര്‍ദേശിക്കുക, അമിത ലാഭം ഉപഭോക്താവിന് തിരികെ കൊടുപ്പിക്കുക, അനുസരിക്കാത്ത കമ്പനികള്‍ക്ക് പിഴ ചുമത്തുക, ആവശ്യമെങ്കില്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കുക തുടങ്ങി വിപുലമായ അധികാരങ്ങളുള്ള സംവിധാനമാണിത്. ഇക്കാര്യത്തില്‍ കേന്ദ്രത്തോടൊപ്പം സംസ്ഥാനങ്ങളും പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഉപഭോക്താവിന് നികുതി പരിഷ്‌കാരത്തിന്റ ഗുണം ലഭിക്കൂ.

ആദ്യമൊക്കെ, കാത്തിരുന്ന് കാണാം എന്ന നിസ്സംഗതയിലായിരുന്ന ഉപഭോക്താക്കള്‍ ഇപ്പോള്‍ അക്ഷരാര്‍ഥത്തില്‍ പരിഭ്രാന്തിയിലാണ്. ഭക്ഷണങ്ങള്‍ ആഢംബര ഇനത്തില്‍ പെടുന്നതിനാല്‍ ചെറുകിട ഹോട്ടലുകളില്‍ പോലും പോക്കറ്റ് കീറുന്ന ബില്ലാണ്. കച്ചവടക്കാര്‍ക്കും ജി എസ് ടി സൃഷിടിക്കുന്ന തലവേദന ചെറുതല്ല. പല ചെറുകിട, ഇടത്തരം കച്ചവടക്കാരാണ് ആശയക്കുഴപ്പത്തിലുള്ളത്. ചെറുകിട ചായക്കടകള്‍ വരെ ജി എസ് ടി പരിധിയില്‍ വരുമെന്നിരിക്കെയാണ് ഈ ആശങ്ക. ജി എസ് ടിയുടെ യഥാര്‍ഥ ഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നില്ലെന്നതിന്റെ പ്രകടമായ ഉദാഹരണമാണ് കോഴിയിറച്ചിയുടെ വില. നേരത്തെ കോഴിയിറച്ചിക്കുണ്ടായിരുന്ന 14.5 ശതമാനം നികുതി ജി എസ് ടി വന്നതോടെ ഇല്ലാതായി. എന്നിട്ടും വിപണിയില്‍ വില കുറയാത്തതെന്തെന്ന ചോദ്യം പ്രസക്തമാണ്. ഇറച്ചിക്കോഴിയുടെ വാറ്റില്‍ 14.5 ശതമാനം കുറവുണ്ടായ സാഹചര്യത്തില്‍ കോഴി, കിലോക്ക് 87 രൂപക്ക് വില്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം നടപ്പായില്ല. ഇപ്പോഴത്തെ വില 110 മുതല്‍ 135 വരെയാണ്. ജി എസ് ടി വരുന്നതിന് മുമ്പ് ഒരു ഉത്പന്നത്തില്‍ വാറ്റ് നികുതിക്കു പുറമേ, പല തരം നികുതികളും സെസും ഒക്കെയുണ്ടായിരുന്നുെവങ്കിലും ബില്ലില്‍ വാറ്റ് മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. അതുമാത്രമേ ഉപഭോക്താവ് അറിഞ്ഞിരുന്നുള്ളൂ. ഇതിനെല്ലാം പകരമാണ് ജി എസ് ടി എന്നിരിക്കെ മുമ്പുള്ള നികുതികളെല്ലാം ഒരുമിച്ചെടുത്താല്‍ 85 ശതമാനം ചരക്കുകള്‍ക്കും ജി എസ് ടി നിരക്ക് കുറവാണ്. എന്നാല്‍, ഇതു മറച്ചുവെച്ച് വാറ്റിനെക്കാള്‍ കൂടുതലാണ് ജി എസ് ടി എന്ന് പറഞ്ഞ് വിലകൂട്ടാനാണ് ഒരു വിഭാഗം വ്യപാരികള്‍ ശ്രമിക്കുന്നത്. ഈ കണ്‍കെട്ടുവിദ്യയെ കുറിച്ച് ഉപഭോക്താക്കള്‍ ബോധവന്മാരാകേണ്ടിയിരിക്കുന്നു. ഇതേക്കുറിച്ച് ബോധവത്കരിക്കാനാണ് വാണിജ്യനികുതി വകുപ്പ് 100 ഉത്പന്നങ്ങളുടെ നികുതി താരതമ്യപ്പട്ടിക പുറത്തിറക്കിയിരുന്നത്. വിവിധ ഉത്പന്നങ്ങളുടെ ജി എസ് ടിക്ക് മുമ്പും ശേഷവുമുള്ള നികുതി വ്യത്യാസം മനസ്സിലാക്കാനായിരുന്നു ഇത്.

നിലവിലെ സാഹചര്യത്തില്‍ ജി എസ് ടി സൃഷ്ടിച്ച അനിശ്ചിതത്വവും അവ്യക്തതയും വ്യാപാരികള്‍ മുതലെടുക്കുന്നുണ്ട്. നടപ്പാക്കി ഒരുമാസം കഴിയുമ്പോള്‍ ജി എസ് ടിയുടെ പരിധിയില്‍വരുന്ന മുഴുവന്‍ ഉത്പന്നങ്ങളുടെയും വിലയില്‍ വര്‍ധനയാണുണ്ടായത്. കാറുകള്‍, ടൂത്ത് പേസ്റ്റ്, പാല്‍പ്പൊടി, വാഷിംഗ് പൗഡര്‍ തുടങ്ങിയവയുടെ വിലയൊഴിച്ച് മറ്റൊരുത്പന്നത്തിന്റെയും വിലയില്‍ കുറവുണ്ടായിട്ടില്ല. ജി എസ് ടി നികുതിനിരക്കുകള്‍ ഉത്പന്നങ്ങളുടെ നിലവിലുള്ള വിലയുടെകൂടെ അധികമായി കൂട്ടുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. ഇടത്തരം ഹോട്ടലുകളെല്ലാം 12 ശതമാനം നികുതി അധികമായിച്ചേര്‍ത്താണ് ഭക്ഷണത്തിന്റെ വില പുതുക്കിയത്. എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ടതു മൂലം ചില ഹോട്ടലുകള്‍ അഞ്ചു ശതമാനം കുറവുവരുത്തിയെങ്കിലും നല്ലൊരുശതമാനം ഹോട്ടലുകള്‍ ഇപ്പോഴും 12 ശതമാനം അധികവില ഈടാക്കുന്നുണ്ട്.
വില കുറയുമെന്നു സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 100ഓളം ഉത്പന്നങ്ങളില്‍ അധികവും ഇതുവരെ വിലകുറഞ്ഞിട്ടില്ല. ജി എസ് ടി പ്രകാരം പുതിയ വില അച്ചടിച്ചുവന്നപ്പോള്‍ പഴയ വില അതേപോലെ നിലനിര്‍ത്തി. ആട്ട, മൈദ തുടങ്ങിയ ധാന്യപ്പൊടികള്‍ക്ക് ആറു ശതമാനവും പഞ്ചസാരക്ക് നാലു ശതമാനവും തേയില, വെളിച്ചെണ്ണ, നല്ലെണ്ണ, എള്ളെണ്ണ എന്നിവക്കും ഏലം, ഗ്രാമ്പൂ, കറുവപ്പട്ട എന്നിവക്കും മൂന്നു ശതമാനവും വിലക്കുറവുണ്ടാകുമെന്നിരിക്കെ, ഇവയുടെ വിലയില്‍ ഇതുവരെ യാതൊരു കിഴിവുമുണ്ടായില്ല. നിര്‍മാണ സാമഗ്രികളായ സിമന്റ്, മാര്‍ബിള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ വിലയിലും വര്‍ധന തന്നെയാണ്. മാര്‍ബിളിന് ഒന്നര ശതമാനം കുറയുമെന്ന് പ്രതീക്ഷിച്ച സ്ഥാനത്ത് 12 ശതമാനമാണ് വിലവര്‍ധിച്ചിരിക്കുന്നത്.
പാക്കറ്റ് ധാന്യങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, ആട്ട, മൈദ, അച്ചാര്‍ തുടങ്ങിയവയുടെ ജി എസ് ടി നിരക്ക് 12 ശതമാനമായി വര്‍ധിപ്പിച്ചപ്പോള്‍ ഇത്തരം ഭഷ്യവസ്തുക്കളില്‍ നല്ലൊരു ശതമാനം പേക്ക് ചെയ്താണ് വില്‍പ്പന നടത്തുന്നത്. ഇതുമൂലം വില വര്‍ധനയാണ് ഫലം. ഇതോടൊപ്പം ഇവ ഉത്പാദിപ്പിക്കുന്ന ചെറുകിടവ്യവസായത്തെയും ഇതു പ്രതിസന്ധിയിലാക്കി. കമ്പ്യൂട്ടര്‍, പ്രിന്റര്‍, മഷി, മറ്റ് ഉപകരണങ്ങള്‍ തുടങ്ങിയവയുടെ ജി എസ് ടി 28 ശതമാനമായി വര്‍ധിച്ചത് ഈ മേഖലയിലെ ചെലവില്‍ വന്‍വര്‍ധനയുണ്ടാക്കി. ജി എസ് ടി സംസ്ഥാനത്തെ പല വ്യവസായങ്ങളെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിട്ടുണ്ട്. പ്ലൈവുഡ് വ്യവസായത്തിലെ ജി എസ് ടി 16.5 ശതമാനത്തില്‍നിന്ന് 28 ശതമാനമായി ഉയര്‍ത്തിയതു മൂലം കേരളത്തിലെ നാനൂറോളം ചെറുകിട വ്യവസായ യൂനിറ്റുകള്‍ നിലനില്‍പ്പ് ഭീഷണി നേരിടുകയാണ്. ഈ നിലയില്‍ അധികകാലം ഈ വ്യവസായങ്ങള്‍ക്ക് മുന്നോട്ടുപോകാനാകില്ല. ഒമ്പത് ശതമാനം നികുതിയില്‍ നിന്ന് 28 ശതമാനം നികുതിയിലേക്ക് ഉയര്‍ത്തിയതുമൂലം 1200ഓളം വരുന്ന ഹൗസ് ബോട്ടുകളും പ്രതിസന്ധി നേരിടുകയാണ്.

നികുതി ഒമ്പത് ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി ഉയര്‍ത്തിയത് കേറ്ററിംഗ് മേഖലയെ തളര്‍ത്തി. കര്‍ഷകന് അവശ്യവസ്തുക്കളായ ഡീസല്‍, പെട്രോള്‍, മണ്ണെണ്ണ എന്‍ജിനുകള്‍ക്ക് 28 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയത് കാര്‍ഷികമേഖലയെയും പ്രതിസന്ധിയിലേക്ക് നയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് 18 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയത് പ്രാദേശിക തലത്തിലെ വികസനപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഒപ്പം വിനോദനികുതി വരുമാനം നഷ്ടപ്പെടുന്നതു കൂടിയാകുമ്പോള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തികപ്രതിസന്ധി രൂക്ഷമായേക്കും.

രാജ്യം ഒരു കമ്പോളമായിമാറുന്നതോടെ ഭാവിയില്‍ കുറഞ്ഞ ചെലവില്‍ ഉത്പാദനം കൂടുതല്‍ നടക്കുന്ന, വ്യവസായ വികസിതമായ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക രംഗത്ത് ഏറെ മുന്നേറാന്‍ കഴിയുമ്പോള്‍ ഉത്പാദനരംഗത്ത് പിന്നാക്കമായ ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് ഇത് തിരിച്ചടിയാകും. കേരളത്തെയും ഇത് ബാധിക്കുമെന്നിരിക്കെ ഇതിനെ മറികടക്കാനുള്ള സാധ്യതകള്‍ക്കും കേരളത്തിന് ഏറെ തടസ്സങ്ങളുണ്ട്. ഉയര്‍ന്ന ഉത്പാദനച്ചെലവും വിലയും കാരണം കേരളത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുവരുന്ന ഒട്ടനവധി ഉത്പന്നങ്ങളുമായി മത്സരിച്ച് കേരളത്തിലെ വിപണി പോലും പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത അവസ്ഥ വരും. ഇത് സംസ്ഥാന ചെറുകിടവ്യവസായങ്ങളെ കടുത്ത മത്സരത്തിലേക്ക് നയിക്കും. തുടര്‍ന്ന് ഉയര്‍ന്ന വേതനച്ചെലവും മറ്റ് ഉത്പാദനച്ചെലവും മൂലം ഇതര സംസ്ഥാനങ്ങളിലെ ഉത്പന്നങ്ങളുമായി മത്സരിക്കാന്‍ കഴിയാതെ പല വ്യവസായ യൂനിറ്റുകളുടെയും നിലനില്‍പ്പ് അപകടത്തിലാകും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കുറഞ്ഞ വിലയിലുള്ള നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വരവ് കേരള വിപണിയുടെ തകര്‍ച്ചക്കും തെങ്ങ് കൃഷിയെയും അനുബന്ധ വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest