അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനാകില്ലെന്ന് വിഎസ്

Posted on: August 11, 2017 2:45 pm | Last updated: August 11, 2017 at 9:02 pm

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി ഏകപക്ഷീയമായി നടപ്പാക്കാന്‍ സര്‍ക്കാറിന് സാധിക്കില്ലെന്ന് ഭരണപരിഷ്‌കാരണ കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് വൈദ്യുതിമന്ത്രി എംഎം മണി നിയമസഭയെ അറിയിച്ചതിന് പിന്നാലെയാണ് വി എസിന്റെ പ്രതികരണം.

പദ്ധതി നടപ്പാക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചിട്ടില്ല. സമവായത്തിലൂടെ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകൂ എന്ന് വൈദ്യുതി മന്ത്രി നിയമസഭയെ അറിയിച്ചതാണ്. എല്‍ഡിഎഫിലെ ഘടകക്ഷികളും പദ്ധതിക്കനുകൂലമായ നിലപാട് എടുത്തിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ പദ്ധതി ആരംഭിച്ചു എന്ന മട്ടില്‍ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണം. അതിരപ്പള്ളി ജലവൈദ്യുതി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും വിഎസ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.