Connect with us

Gulf

നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരവതാനികളുടെയും അലങ്കാര വസ്തുക്കളുടെയും പ്രദര്‍ശനം നീട്ടി

Published

|

Last Updated

ദോഹ: മ്യൂസിയം ഓഫ് ഇസ്‌ലാമിക് ആര്‍ട്ടി(മിയ)ല്‍ തുടരുന്ന ഇംപീരിയര്‍ ത്രെഡ്‌സ് പ്രദര്‍ശനം അടുത്ത വര്‍ഷം ജനുവരി 27 വരെ നീട്ടി. സന്ദര്‍ശകരുടെ ആവശ്യപ്രകാരമാണ് പ്രദര്‍ശനം നീട്ടിയത്. ഇസ്‌ലാമിക രാജവംശകാലത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരവതാനികളുടെയും അലങ്കാരവസ്തുക്കളുടെയും പ്രദര്‍ശനമാണിത്. ഓട്ടോമന്‍, സഫാവിദ്, മുഗള്‍ രാജവംശകാലങ്ങളിലെ അമൂല്യങ്ങളായ ഇസ്‌ലാമിക് വസ്തുക്കളും അലങ്കാരങ്ങളുമായിരിക്കും പ്രദര്‍ശനത്തിലുള്‍പ്പെടുത്തിയിരിക്കുന്നത്.

മിയ കണ്‍സര്‍വേഷന്‍ ലബോറട്ടറിയില്‍ സംരക്ഷിക്കുന്ന അമൂല്യവസ്തുക്കളുടെ പ്രദര്‍ശനം മാര്‍ച്ച് 15 മുതല്‍ നവംബര്‍ നാല് വരെയാണ് നിശ്ചയിച്ചിരുന്നത്. 16ാം നൂറ്റാണ്ടിനും 18ാം നൂറ്റാണ്ടിനുമിടയില്‍ തുന്നിയ 25 പരവതാനികളുള്‍പ്പടെ നൂറോളം അമൂല്യവസ്തുക്കള്‍ പ്രദര്‍ശനത്തിലുണ്ട്. “രാജവംശകാലത്തെ നാരുകള്‍; തുര്‍ക്കി, ഇറാന്‍, ഇന്ത്യ എന്നിവിടങ്ങളിലുള്ള അലങ്കാര, കരകൗശല വസ്തുക്കള്‍” എന്ന പേരിലാണ് പ്രദര്‍ശനം. ഇന്ത്യയിലെ മുഗള്‍വംശ കാലഘട്ടം, ഇറാനിലെ സഫാവിദ്, തുര്‍ക്കിയിലെ ഓട്ടോമന്‍ രാജവംശകാലഘട്ടങ്ങളിലെ അമൂല്യശേഖരം സന്ദര്‍ശകരെ വലിയ തോതില്‍ ആകര്‍ഷിക്കുന്നുണ്ട്. കളിമണ്ണിലും ലോഹത്തിലും നിര്‍മിതമായ അലങ്കാരവസ്തുക്കള്‍ പ്രദര്‍ശനത്തിന്റെ മുഖ്യആകര്‍ഷണമാണ്.

മുഗള്‍, സഫാവിദ്, ഓട്ടോമന്‍ സാമ്രാജ്യങ്ങള്‍ക്കിടയിലുമുള്ള കലാപരവും ഭൗതികവുമായ സംസ്‌കാരങ്ങളുടെ കൈമാറ്റത്തിലൂന്നിയാണ് പ്രദര്‍ശനം. പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ 19ാം നൂറ്റാണ്ട് വരെയുള്ളവയാണ് പ്രദര്‍ശനത്തിലുള്ളത്. മൂന്ന് വിഭാഗമായാണ് പ്രദര്‍ശനം. സഫാവിദ് സാമ്രാജ്യത്തിന്റെ 1501 മുതല്‍ 1736 വരെയുള്ള കാലഘട്ടത്തിലെ കൈയെഴുത്തുകളും കരകൗശല ഉത്പന്നങ്ങളുമാണുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ ഓട്ടോമന്റെ 16ാം നൂറ്റാണ്ടു മുതല്‍ 18ാം നൂറ്റാണ്ട് വരെയുള്ളവയും മൂന്നാമത്തെ വിഭാഗത്തില്‍ മുഗള്‍ രാജവംശത്തിന്റെ 1526 മുതല്‍ 1858 വരെയുമുള്ള കലാ പൈതൃകങ്ങളാണുള്ളത്. പ്രദര്‍ശനത്തിനൊപ്പം നിരവധി വിദ്യാഭ്യാസ പരിപാടികളും ശില്‍പ്പശാലകളും അരങ്ങേറുന്നുണ്ട്.

Latest