ബിജെപി തന്ത്രങ്ങള്‍ പാളി; അഹമ്മദ് പട്ടേലിന് ജയം, ബിജെപി അംഗത്തിന്റെയും പിന്തുണ

Posted on: August 9, 2017 5:42 am | Last updated: August 9, 2017 at 12:07 pm

അഹമ്മദാബാദ്: പുലര്‍ച്ചെ വരെ നീണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹമ്മദ് പട്ടേലിന് വിജയം. കൂറു മാറി ചെയ്ത കോണ്‍ഗ്രസ് വിമതരുടെ വോട്ടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കിയതോടെ 44 വോട്ടുകള്‍ നേടിയാണ് അഹമ്മദ് പട്ടേല്‍ വിജയിച്ചത്. 45 വോട്ടുകളാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ രണ്ട് വോട്ടുകള്‍ റദ്ദാക്കിയത് അദ്ദേഹത്തിന് ജയിക്കാന്‍ അവസരമൊരുക്കി. ബിജെപി സ്ഥാനാര്‍ഥികളായ അമിത്ഷ, സ്മൃതി ഇറാനി എന്നിവരും വിജയിച്ചു. 46 വോട്ടുകളാണ് ഇരുവരും നേടിയത്. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയില്‍ എത്തിയ ബല്‍വന്ത് സിംഗ് രാജ്പുത് പരാജയപ്പെട്ടു.

കൂറു മാറി വോട്ട് ചെയ്ത വിമത എംഎല്‍എമാരായ രാഘവ്ജി പട്ടേല്‍, ഭോല ഗൊഹേല്‍ എന്നിവര്‍ ബാറ്റ് പേപ്പര്‍ ഉയര്‍ത്തിക്കാട്ടിയതാണ് അഹമ്മദ് പട്ടേലിന് വിജയമൊരുക്കിയത്. ഇത് ചട്ട ലംഘനമാണെന്നും ഇവരുടെ വോട്ട് റദ്ദാക്കണമെന്നും കാണിച്ച് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും കോണ്‍ഗ്രസ് കമ്മീഷന് നല്‍കി. ഇതിന് പിന്നാലെ നടപടിയെ ന്യായീകരിച്ച് ബിജെപിയും കമ്മീഷനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. വിഷയത്തില്‍ തീരുമാനം എടുക്കുന്നത് വരെ വോട്ടെണ്ണല്‍ നിര്‍ത്തിവെക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിമതരുടെ വോട്ടുകള്‍ റദ്ദാക്കിയതായി കമ്മീഷന്‍ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് ഫലം വന്നത്.

അതിനിടെ, ബിജെപി പക്ഷത്ത് നിന്ന് ഒരു അംഗം കൂറുമാറി പട്ടേലിന് വോട്ട് ചെയ്തു. നളിന്‍ കൊട്ടാഡിയ ആണ് കോണ്‍ഗ്രസിനെ പിന്തുണച്ചത്. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇത് അഹമ്മദ് പട്ടേലിന് നിര്‍ണായക ജയത്തിന് വഴിയൊരുക്കി.

വോട്ടെടുപ്പ് നടക്കുന്നതിനിടെ കോണ്‍ഗ്രസ് വിമത നേതാവ് ശങ്കര്‍സിംഗ് വഗേലയാണ് കൂറുമാറിയതായി പരസ്യമായി പ്രഖ്യാപിച്ചത്. താന്‍ ബിജെപിക്കാണ് വോട്ട് ചെയ്തതെന്നും തോല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് എന്തിന് വോട്ട് ചെയ്യണമെന്നും ചോദിച്ച് വഗേല രംഗത്ത് വന്നു. വഗേലയെ പിന്തുണക്കുന്ന ആറ് കോണ്‍ഗ്രസ് അംഗങ്ങളും പട്ടേലിന് വോട്ട് ചെയ്തില്ല. ഇതിന് പിന്നാലെയാണ് ബംഗളൂരുവില്‍ പാര്‍പ്പിച്ചിരുന്ന 44 എംഎല്‍എമാരില്‍ രണ്ട് പേര്‍ കൂടി കൂറുമാറിയതോടെ പട്ടേല്‍ പരാജയം ഉറപ്പിച്ചു. എന്നാല്‍ തങ്ങളുടെ ബാലറ്റ് ഉയര്‍ത്തിക്കാട്ടിയ ഇവരുടെ വീഡിയോ പുറത്തുവന്നതോടെ എല്ലാം മാറിമറിയുകയായിരുന്നു.