Connect with us

Kerala

യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവം; നാല് ആശുപത്രികള്‍ക്കെതിരെ കേസ്‌

Published

|

Last Updated

കൊല്ലം: ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ നാല് ആശുപത്രികള്‍ക്കെതിരെ മനുഷ്യാവകാശകമ്മീഷന്‍ കേസെടുത്തു. കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തത്.

സംഭവത്തില്‍ കൊല്ലം കമ്മീഷണര്‍ മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ചികിത്സ നിഷേധിച്ച ആശുപത്രികള്‍ക്കെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്റെ ഇടപെടല്‍. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ഉത്തരവിട്ടിരുന്നു. അസീസിയ, മെഡിട്രീന ആശുപത്രികളില്‍ പോലീസ് പരിശോധന നടത്തി.

തിരുനെല്‍വേലി സ്വദേശി മുരുകന്‍ (30) ആണ് ചികിത്സ കിട്ടാതെ ദാരുണമായി മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്ക് കൊല്ലം ചാത്തന്നൂരില്‍ വെച്ചുണ്ടായ അപകടത്തിലാണ് മുരുകന് പരുക്കേറ്റത്. സന്നദ്ധസംഘടനയുടെ ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്ന് പറഞ്ഞ് പ്രവേശിപ്പിച്ചില്ല.

കൊല്ലത്തേയും തിരുവനന്തപുരത്തേയും പല സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഇതുതന്നെയായിരുന്നു പ്രതികരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോള്‍ വെന്റിലേറ്റര്‍ ലഭ്യമായിരുന്നില്ല. ഏഴ് മണിക്കൂര്‍ നീണ്ട ദുരിതത്തിനൊടുവില്‍ രാവിലെ ആറ് മണിയോടെ മരുകന്‍ മരിച്ചു.

Latest