നീതിയുടെ പക്ഷത്ത് നിന്ന് എല്ലാവരും പിന്തുണ നല്‍കി: മഅ്ദനി

Posted on: August 6, 2017 3:59 pm | Last updated: August 6, 2017 at 6:41 pm
SHARE

കൊച്ചി: സുപ്രീം കോടതിയും കേരളത്തിലെ സര്‍ക്കാറും ജനങ്ങളും നീതിയുടെ പക്ഷത്ത് നിന്ന് തന്നെ പിന്തുണച്ചുവെന്ന് അബ്ദുന്നാസര്‍ മഅദനി. മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി കേരളത്തില്‍ എത്തിയ അദ്ദേഹം നെടുമ്പാശ്ശേരിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നീതിയുടെയും മനുഷ്യത്വത്തിന്റെയും പക്ഷത്ത് നിന്നുള്ള സുപ്രിം കോടതി ഇടപെടലില്‍ സന്തോഷമുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാ കേരളീയർക്കും മനുഷ്യാവകാശ പ്രവർത്തകർക്കും നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയപ്പോള്‍ താങ്ങാനാവാത്ത നിബന്ധന വെക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍ ചെയ്തത്. തുടര്‍ന്ന് സുപ്രീം കോടതിയെ വീണ്ടും സമീപിക്കുകയും അതിന്റെ ഫലമായി ഇളവ് ലഭിക്കുകയും ചെയ്തു. 18 ലക്ഷം രൂപ ഇളവ് ചെയ്തതിനേക്കാള്‍ സന്തോഷം തോന്നിയത് ഇതൊരു കീഴ് വഴക്കമായി തുടരില്ലെന്ന് സുപ്രീം കോടതി പറഞ്ഞപ്പോഴാണ്. തന്റെ കാര്യത്തില്‍ ഒരുപക്ഷേ പലരും സഹായിക്കാന്‍ ഉണ്ടാകും. എന്നാല്‍ ഇത്തരം നിബന്ധനകള്‍ രാജ്യത്തെ പതിനായിരക്കണക്കിന് വിചാരണത്തടവുകാരെ പ്രതികൂലമായി ബാധിക്കും. അത് മനസ്സിലാക്കിയാണ് ആദ്യത്തില്‍ നിബന്ധന അംഗീകരിച്ച് കേരളത്തിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് – മഅ്ദനി പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ ജനങ്ങളും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെ സി വേണുഗോപാല്‍, എംഎം ഹസന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങി എല്ലാവരും തനിക്ക് വേണ്ടി കര്‍ണാടക സര്‍ക്കാറുമായി ബന്ധപ്പെട്ടു. അവര്‍ മഅദനിയുടെ പക്ഷത്ത് നിന്നല്ല അത് ചെയ്തത്. മറിച്ച് നീതിയുടെ പക്ഷത്ത് നിന്നാണ്. കാര്യങ്ങള്‍ പെട്ടെന്ന് നേടിയെടുക്കുന്നതില്‍ അഭിഭാഷകര്‍ നന്നായി യത്‌നിച്ചു. എല്ലാവരും നീതിയുടെ പക്ഷത്ത് നിന്നു.

താന്‍ ഇപ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ അല്ല കഴിയുന്നതെന്ന് മഅ്ദനി പറഞ്ഞു. പലരും അങ്ങനെയാണ് മനസ്സിലാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് തനിക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ബംഗളൂരു വിട്ടു പോകരുതെന്ന ഒരേ നിബന്ധന മാത്രമേ ഉള്ളൂ – മഅ്ദനി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here