കൊച്ചിയില്‍ ആക്രമത്തിനിരയായ നടിയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്

Posted on: July 31, 2017 6:23 pm | Last updated: August 1, 2017 at 12:27 pm

ആലപ്പുഴ: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ഇരയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്ജ് എം എല്‍ എ. നിര്‍ഭയയേക്കാള്‍ ക്രൂരമായി നടിയെ പീഡിപ്പിച്ചെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയെങ്കില്‍ ആ നടി എങ്ങനെയാണ് അടുത്ത ദിവസം സിനിമയില്‍ അഭിനയിക്കാന്‍ പോയതെന്നും പി സി ജോര്‍ജ്ജ് ചോദിച്ചു.

പുരുഷന്‍മാരുമായി സമ്മതത്തോടെ ശരീരം പങ്കിട്ട ശേഷം ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ് കേസ് കൊടുക്കുന്നത് ശരിയല്ല. പോലീസ് കാണിക്കുന്നത് ശുദ്ധ മര്യാദകേടാണ്. സര്‍ക്കാറിന് ധൈര്യമുണ്ടെങ്കില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റയും ഉള്‍പ്പെടെ എല്ലാ നടീനടന്‍മാരുടെയും സ്വത്ത് കണ്ടു പിടിക്കണമെന്നും പി സി ജോര്‍ജ്ജ് പറഞ്ഞു.

നേരത്തെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്നും പിസി ജോര്‍ജ് നടത്തിയ പരമാര്‍ശം ഏറെ വിവാദമായിരുന്നു. ദിലീപിനെ അറസ്റ്റുചെയതതോടെ കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപിനെ കുടുക്കിയത് ജയില്‍ സുപ്രണ്ടാണെന്ന ആരോപണവുമായും പിസി ജോര്‍ജ് രംഗത്തെത്തിയിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് തുടര്‍ച്ചായി പരസ്യപ്രസ്താവന നടത്തുന്ന സാഹചര്യത്തില്‍ പിസി ജോര്‍ജിന്റെ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.