ഗാര്‍ഹിക പീഡനവും സുപ്രീം കോടതിയും

Posted on: July 31, 2017 3:23 pm | Last updated: July 31, 2017 at 3:23 pm

ഗാര്‍ഹിക പീഡന നിയമത്തിന്റെ ദുരുപയോഗം തടയാന്‍ ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കയാണ് സുപ്രീം കോടതി. സ്ത്രീധന പീഡനക്കേസുമായി ബന്ധപ്പെട്ടു ലഭിക്കുന്ന പരാതികളുടെ സത്യാവസ്ഥ ഉറപ്പ് വരുത്താന്‍ കുടുംബ ക്ഷേമ സമിതികള്‍ രൂപവത്കരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. പോലീസിനും കോടതിക്കും ലഭിക്കുന്ന പരാതികള്‍ ഈ സമിതികള്‍ക്ക് കൈമാറണം. സാമൂഹിക പ്രവര്‍ത്തകര്‍, വിരമിച്ച ഉദ്യോഗസ്ഥര്‍, ലീഗല്‍വളണ്ടിയര്‍മാര്‍ ഉള്‍ക്കൊള്ളുന്ന സമിതികള്‍ പരാതിക്കാരുമായി ആശയവിനിമയം നടത്തി ആരോപണത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ സമിതിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് മുമ്പ് അറസ്റ്റ് പാടില്ല. സമിതി പ്രവര്‍ത്തനം ജില്ലാ സെഷന്‍സ് ജഡ്ജി ഓരോ വര്‍ഷവും വിലയിരുത്തണം. സ്ത്രീ പുരുഷന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പേരില്‍ പരാതി നല്‍കിയാല്‍ ഉടന്‍ തന്നെ ആരോപണ വിധേയരെ അറസ്റ്റ് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. ഇത് കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യതകള്‍ ഇല്ലാതാക്കുന്നതായി ജസ്റ്റിസുമാരായ എ കെ ഗോയലും യു യു ലളിതയും അടങ്ങിയ ബെഞ്ച് നിരീക്ഷിക്കുന്നു.
സ്ത്രീധന പീഡന കേസുകളില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും ജാമ്യം അനുവദിക്കുന്നതില്‍ വരുന്ന കാലതാമസത്തില്‍ കോടതി അസന്തുഷ്ടി രേഖപ്പെടുത്തി. കഴിയുമെങ്കില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്ന അന്നു തന്നെ ജാമ്യം അനുവദിക്കണം. പ്രായമുള്ള മാതാപിതാക്കളുള്‍പ്പെടെ കുടുംബാംഗളെ ഒന്നടങ്കം കോടതിയിലേക്ക് വിളിച്ചു വരുത്തുന്ന പ്രവണത ഒഴിവാക്കേണ്ടതാണ്. അവരുടെ വിചാരണ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്താം.

ഗാര്‍ഹിക പീഡനവിരുദ്ധ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതിനാല്‍ അത്തരം കേസുകള്‍ വളരെ ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യണമെന്ന് കോടതി പല തവണ നിയമ പാലകരെയും നിയമ സംവിധാനത്തെയും ഓര്‍മിപ്പിച്ചതാണ്. സ്ത്രീകളുടെ അവകാശനിയമം, സ്ത്രീസംരക്ഷണ നിയമം, ഗാര്‍ഹികപീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം തുടങ്ങി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നേരിടാന്‍ നിരവധി നിയമങ്ങളുണ്ട്. വാര്‍ത്താ പ്രാധാന്യം ലഭിക്കുന്ന പുതിയൊരു സ്ത്രീപീഡനക്കേസ് വരുമ്പോള്‍ പിന്നെയും നിയമങ്ങള്‍ കര്‍ക്കശമാക്കുകയോ പുതിയ നിയമങ്ങള്‍ തട്ടിപ്പടക്കുകയോ ചെയ്യുന്നു. അനിവാര്യ ഘട്ടത്തില്‍ പ്രയോഗിക്കേണ്ട ഈ നിയമങ്ങള്‍ നിസ്സാര കുടുംബപ്രശ്‌നങ്ങളില്‍ പോലും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ദുരുപയോഗപ്പെടുത്തുന്നുണ്ട് സ്ത്രീകള്‍. ദുര്‍മാര്‍ഗ ജീവിതം നയിക്കുന്ന സ്ത്രീകള്‍ ദുഷ്ടലാക്കോടെ ഗാര്‍ഹിക പീഡന നിയമം ഉപയോഗപ്പെടുത്തുന്നതായും ഇത് തടയേണ്ടത് പൊതുനന്മക്ക് അത്യാവശ്യമാണെന്നും 2008ല്‍ ഒരു വിവാഹമോചന കേസ് പരിഗണിക്കവെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അഭിപ്രായപ്പെട്ടിരുന്നു. നിരപരാധികള്‍ ക്രൂശിക്കപ്പെടാതിരിക്കാന്‍ സ്ത്രീധന നിരോധന വകുപ്പ് 498 എ ഭേദഗതി വരുത്തുന്ന കാര്യം പരിഗണിക്കണമെന്നും പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നും സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ലംഘിക്കപ്പെടുകയാണ്. ഇതുവഴി കുറ്റവാളികളല്ലാത്തവരുടെ മനുഷ്യാവകാശങ്ങള്‍ ധ്വംസിക്കപ്പെടുകയാണ്.

സ്ത്രീകളുടെ പ്രത്യേകതകളും ദൗര്‍ബല്യങ്ങളും കണക്കിലെടുത്താണ് സര്‍ക്കാറും നീതിപീഠങ്ങളും അവര്‍ക്ക് പ്രത്യേക പരിരക്ഷ അനുവദിച്ചത്. ഇതിന്റെ മറവില്‍ നിരപരാധികള്‍ പീഡിപ്പിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്തു കൂടാ. സ്ത്രീപക്ഷ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സമര്‍പ്പിക്കപ്പെടുന്ന പരാതികളില്‍ കോടതികളടക്കം പലപ്പോഴും ഏകപക്ഷീയമായ നിലപാടാണ് കൈക്കൊള്ളുന്നത്. ഒളിച്ചോടി കാമുകന്റെ കൂടെ കഴിയുന്ന ഭാര്യക്ക് ചെലവിന് കൊടുക്കാന്‍ കോടതി വിധിച്ച സംഭവങ്ങള്‍ പോലും രാജ്യത്തുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമമനുസരിച്ച് അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ആറ് ശതമാനവും സ്ത്രീപീഡനക്കേസുമായി ബന്ധപ്പെട്ട കേസിലാണ്. വിവാഹമോചനത്തിനും ഭര്‍ത്താവിനെ വിട്ടും കാമുകനുമൊത്തു ജീവിക്കാനും വരെ കുബുദ്ധികളായ ചില സ്ത്രീകള്‍ സ്ത്രീധന പീഡന നിയമം ആയുധമാക്കുന്നുണ്ട്. ജനപ്രതിനിധികളെയും ഉന്നതരെയും താറടിക്കാനും അവരുടെ രാഷ്ട്രീയ ഭാവിയില്‍ ഇരുള്‍ വീഴ്ത്താനും സ്ത്രീപക്ഷ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവരുണ്ട്. വ്യാജ ആരോപണങ്ങളില്‍ തകരുന്നത് ഒരുപക്ഷേ തെറ്റുകളൊന്നും ചെയ്യാത്ത ഒരു പരുഷന്‍ മാത്രമായിരിക്കില്ല, അദ്ദേഹത്തിന്റെ കുടുംബം കൂടിയാണ്. വെറുതെ നിയമത്തിന്റെ കുരുക്കില്‍ പെട്ടത് മൂലം മാനസികമായി തകര്‍ന്ന് ആത്മഹത്യ ചെയ്തവര്‍ ധാരാളമുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും? ഈ സാഹചര്യത്തിലാണ് പരമോന്നത കോടതിയുടെ പുതിയ ഇടപെടല്‍. ഈ പ്രശ്‌നം പരിഹരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ച കുടുംബ ക്ഷേമ സമിതികളുടെ രൂപവത്കരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.