Connect with us

Kerala

അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ ഒരു ക്രിമിനലിനേയും രക്ഷപ്പെടാന്‍ അനുവദിക്കില്ല :മുഖ്യമന്ത്രി

Published

|

Last Updated

കോഴിക്കോട്: അധികാരത്തിന്റെയും പണത്തിന്റെയും സ്വാധീനത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പണം, അധികാര സ്വധീനം എന്നിവയുടെ ബലത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുന്ന പൊലീസിംഗ് സംസ്‌കാരം കേരളത്തില്‍ മാറി. ഇതില്‍ എല്ലാ പൊലീസുകാര്‍ക്കും അഭിമാനിക്കാം. ഒരു സ്വാധീനത്തിനും കീഴിലല്ല പൊലീസിന്റെ തൊപ്പി. ഇതാണ് സര്‍ക്കാരിന്റെ പൊലീസ് നയം. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കണം.സര്‍ക്കാര്‍ പൊലീസിന് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുമ്പോള്‍ അത് ദുരുപയോഗം ചെയ്യരുത്.

ലോക്കപ്പ് മര്‍ദ്ദനം, മൂന്നാം മുറ, അഴിമതി എന്നിവ സേനയില്‍ ഇല്ലാതാക്കണം. പൊലീസിനെതിരായ ഇത്തരം ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കും. അഴിമതിയും ലോക്കപ്പ് മര്‍ദ്ദനവുമെല്ലാം ഒഴിവാക്കണമെങ്കില്‍ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ പിന്തുണ നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അന്വേഷണത്തെ ബാധിക്കാത്ത തരത്തില്‍ മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി.ഫ്യൂഡല്‍ രീതിയുടെ ചില അവശിഷ്ടങ്ങള്‍ ചില പൊലീസുകാരില്‍ കാണുന്നുണ്ട്. അതും ഇല്ലാതാക്കണം. സിഐമാരെ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി നിയമിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്മേളനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ, ഉത്തരമേഖല ഡി.ജി.പി രാജേഷ് ദിവാന്‍,എം. രാഘവന്‍ എം.പി, അസോസിയേഷന്‍ പ്രസിഡന്റ് ഡി.കെ. പൃഥ്വിരാജ്, കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍ , ടി.എസ്. ബിജു എന്നിവ സംസാരിച്ചു.

Latest