അമേരിക്കയെ പരിധിയിലാക്കുന്ന ബലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചു

Posted on: July 29, 2017 10:26 am | Last updated: July 29, 2017 at 10:29 am

സിയൂള്‍: ഉത്തരകൊറിയ വീണ്ടും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. അമേരിക്കയിലെ ചിക്കാഗോയില്‍ എത്താന്‍ ശേഷിയുള്ള ഹ്വാസോങ് 3 എന്ന മിസൈലാണ് പരീക്ഷിച്ചത്. ഈ വര്‍ഷം ഉത്തരകൊറിയ നടത്തുന്ന 14ാമത്തെയും മൂന്നാഴ്ചക്കുള്ളില്‍ പരീക്ഷിക്കുന്ന രണ്ടാമത്തെ ഐസിബിഎം മിസൈല്‍ പരീക്ഷണവുമാണിത്.

വെള്ളിയാഴ്ച രാത്രി ഉത്തര കൊറിയയുടെ വടക്കന്‍ പ്രദേശമായ ജഗാന്‍സില്‍ നിന്നായിരുന്നു വിക്ഷേപണം. 3724 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം 1000 കിലോ മീറ്റര്‍ അകലെ ജപ്പാന്‍ കടലില്‍ മിസൈല്‍ പരീക്ഷിച്ചതായാണ് വിവരം. ഈ പരീക്ഷണത്തോടെ അമേരിക്ക മുഴുവനായും തങ്ങളുടെ മിസൈല്‍ പരിധിക്കുള്ളില്‍ വരുമെന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം. ജൂലൈ മൂന്നിന് ഹ്വാസോങ്14 എന്ന ഐസിബിഎം ഉത്തരകൊറിയ പരീക്ഷിച്ചിരുന്നു.

മിസൈല്‍ പരീക്ഷണത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിമര്‍ശിച്ചു. ഉത്തരകൊറിയയുടേത് വീണ്ടുവിചാരമില്ലാത്തതും അപകടകരവുമായ നടപടിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.