പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച മാതാവിനും കാമുകനും ജീവിതാവസാനം വരെ കഠിന തടവ്

Posted on: July 29, 2017 9:17 am | Last updated: July 29, 2017 at 9:17 am

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച കേസില്‍ മാതാവിനെയും ബലാത്സംഗം ചെയ്ത കാമുകനെയും ജീവിതാവസാനം വരെ കഠിന തടവിനും പതിനായിരം രൂപ പിഴയടക്കാനും ശിക്ഷിച്ചു. തൃശൂര്‍ പോക്‌സോ സ്‌പെഷ്യല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസിമിന്റെതാണ് വിധി. കാമുകനായ കോതമംഗലം നെല്ലിക്കാടി ഇരുമലപ്പടി ആട്ടയം വീട്ടില്‍ അലിയാര്‍ (52), കുട്ടികളുടെ മാതാവ് എന്നിവരെയാണ് പോക്‌സോ നിയമ പ്രകാരം ശിക്ഷിച്ചത്. ഒന്നാം പ്രതി അലിയാറിന് ബലാത്സംഗത്തിനും മാതാവിന് ബലാത്സംഗത്തിന് പ്രേരണ നല്‍കിയതിനുമാണ് ശിക്ഷ.

സ്വന്തം പെണ്‍മക്കളെ കാമുകന് കാഴ്ചവെച്ച സംഭവത്തില്‍ ശിക്ഷ വിധിക്കുന്നത് പോക്‌സോ കേസില്‍ സംസ്ഥാനത്ത് തന്നെ ആദ്യമാണ്. പ്രോസിക്യൂഷനു വേണ്ടി പോക്‌സോ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു ഹാജരായി. പൂര്‍ണ മാനസിക വളര്‍ച്ചയെത്താത്ത മൂത്ത മകള്‍ക്ക് മൂന്ന് ലക്ഷം രൂപ കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നല്‍കാനും കോടതി നിര്‍ദേശിച്ചു.
ഓണം അവധിക്കാലത്ത് 2015 ആഗസ്റ്റ് 23നായിരുന്നു സംഭവം. സ്‌കൂള്‍ ഓണാവധിക്ക് പൂട്ടിയ അവസരത്തില്‍ 17 കാരിയായ മൂത്ത മകളെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാനായി മാതാവും 12 വയസുള്ള മകളും അഞ്ച് വയസുള്ള ഇളയ മകനും കൂടി സ്‌കൂളില്‍ എത്തി. മകളെ കൂട്ടി തിരികെ തൃശൂരിലെത്തിയപ്പോള്‍ മുന്‍കൂട്ടി പറഞ്ഞതനുസരിച്ച് മാതാവുമായി രഹസ്യ ബന്ധമുണ്ടായിരുന്ന കാമുകന്‍ എത്തുകയും തൃശൂര്‍ നഗരത്തിലുള്ള ഒരു ലോഡ്ജില്‍ മുറിയെടുത്ത് ഒന്നിച്ച് താമസിക്കുകയും ചെയ്തു. രാത്രി അലിയാര്‍ കുട്ടികളുടെ അമ്മയുടെ അറിവോടെ പെണ്‍കുട്ടികളെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും പീഡനശേഷം അവരുടെ നഗ്ന ഫോട്ടോകള്‍ എടുക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം പ്രതി മുങ്ങി. മൂത്തകുട്ടി സ്‌കൂളിലെത്തിയപ്പോള്‍ നടത്തിയ കൗണ്‍സിലിംഗിലാണ് സംഭവം സ്‌കൂള്‍ അധികൃതര്‍ അറിഞ്ഞത്. പിന്നീട് ചൈല്‍ഡ് ലൈന്‍ വഴി തൃശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാതാവിനെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനുവേണ്ടി ഒത്താശ ചെയ്തുകൊടുത്തു എന്നതാണ് മാതാവിനെതിരെയുള്ള കുറ്റം. ഇത്രയും നിഷ്ഠൂരവും പൈശാചികവുമായ പ്രവൃത്തി ചെയ്ത പ്രതികള്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്നും പ്രതികള്‍ക്ക് നല്‍കുന്ന ശിക്ഷ സമൂഹത്തിന് പാഠമാകണമെന്നും ശിക്ഷ പ്രഖ്യാപിക്കവെ ജഡ്ജി പറഞ്ഞു.