അമിത് ഷായും സ്മൃതി ഇറാനിയും രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Posted on: July 28, 2017 12:24 pm | Last updated: July 28, 2017 at 12:37 pm

അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ബല്‍വന്ത് സിംഗ് രജ്പുത് എന്നിവര്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഗുജറാത്തില്‍ നിന്നാണ് മൂവരും രാജ്യസഭയിലേക്ക് മത്സരിക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റൂപാനി, മുതിര്‍ന്ന നേതാവ് അനന്ദിബെന്‍ പട്ടേല്‍ എന്നീവര്‍ക്ക് ഒപ്പമാണ് ഇവര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഗുജറാത്തില്‍നിന്ന് നാല് തവണ അമിത് ഷാ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗുജറാത്തിലെ നിയമസഭാംഗത്വം രാജിവച്ചായിരുക്കും അമിത് ഷാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്മൃതി ഇറാനി നിലവില്‍ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമാണ്.

ഗുജറാത്ത് നിയമസഭയിലെ കോണ്‍ഗ്രസ് ചീഫ് വിപ്പായിരുന്ന ബെല്‍വന്ത് സിംഗ് രജ്പുത് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേലിനെതിരെ മത്സരിച്ചേക്കും.