മഅ്ദനി സുപ്രീം കോടതിയില്‍ ഹരജി നല്‍കി

Posted on: July 27, 2017 9:03 am | Last updated: July 27, 2017 at 11:25 am
SHARE

ബെംഗളൂരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ച ബെംഗളൂരു എന്‍ ഐ എ കോടതി വിധിക്കെതിരെ പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനി സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മഅ്ദനിയുടെ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ മുഖേനയാണ് ഹരജി നല്‍കിയത്. നാളെയോ അതല്ലെങ്കില്‍ ചൊവ്വാഴ്ചയോ ഹരജി സുപ്രീംകോടതി പരിഗണിക്കും. അഡ്വ. പ്രശാന്ത് ഭൂഷണ്‍ മഅ്ദനിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകും. അസുഖബാധിതയായി കിടക്കുന്ന മാതാവ് അസ്മാബീവിയെ കാണാന്‍ മാത്രമാണ് എന്‍ ഐ എ കോടതി അനുമതി നല്‍കിയിരിക്കുന്നത്.

പക്ഷാഘാതം ബാധിച്ച പിതാവ് അബ്ദുസ്സമദിനെ കാണണമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിതാവിന്റെ രോഗം വ്യക്തമാക്കുന്ന ചികിത്സാ രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്ന് പറഞ്ഞ് കോടതി ഇത് നിഷേധിക്കുകയായിരുന്നു. പിതാവിനെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും അനുവാദം നല്‍കണമെന്ന് അഭ്യര്‍ഥിച്ചാണ് ഹരജി നല്‍കിയത്. കഴിഞ്ഞ വര്‍ഷം വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചത് മാതാവിനെ കാണാന്‍ മാത്രമായിരുന്നു. ജാമ്യം ലഭിക്കുന്നതിന് മുമ്പ് 2013 മാര്‍ച്ച് 10ന് മകള്‍ ശമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഇതേ സൗകര്യം മകന്റെ വിവാഹക്കാര്യത്തിലും അനുവദിക്കണമെന്ന് ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. നേരത്തെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും മാതാപിതാക്കളെ കാണാനും വ്യവസ്ഥയില്‍ ഇളവ് വരുത്തി അനുമതി നല്‍കിയ കോടതി ഇപ്പോള്‍ അനുമതി നല്‍കാത്തത് നിക്ഷിപ്തമായ അധികാരം വേണ്ടവിധത്തില്‍ ഉപയോഗിക്കാത്തതിനാലാണെന്ന് ഹരജിയില്‍ പറയുന്നു. ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ കേരളത്തില്‍ തങ്ങാന്‍ നല്‍കിയ അനുമതി മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് 20 വരെയാക്കി നീട്ടണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലേക്ക് വരാനാവശ്യമായ യാത്രാ ചെലവും മഅ്ദനി തന്നെ വഹിക്കണമെന്ന് വിചാരണ കോടതിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നുണ്ട്.

എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ യാത്രാ ചെലവും സുരക്ഷാ സംബന്ധമായി വരുന്ന മറ്റു ചെലവുകളും വഹിക്കാന്‍ തയ്യാറാകണമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് തവണയും മഅ്ദനി കേരളത്തിലേക്ക് വന്നപ്പോള്‍ മുഴുവന്‍ ചെലവുകളും കര്‍ണാടക സര്‍ക്കാറാണ് വഹിച്ചിരുന്നതെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയില്‍ നിന്ന് അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പി ഡി പി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് സിറാജിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here