അഭ്യൂഹങ്ങള്‍ക്ക് വിരാമം; റയലില്‍ തുടരുമെന്ന് ക്രിസ്റ്റിയാനോ

Posted on: July 26, 2017 10:54 am | Last updated: July 26, 2017 at 10:54 am

മാഡ്രിഡ്: ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ തുടരും. സൂപ്പര്‍ താരം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്പാനിഷ് സ്‌പോര്‍ട്‌സ് പത്രം മാഴ്‌സയിലാണ് ക്രിസ്റ്റ്യാനോ തന്റെ തീരുമാനം വ്യക്തമാക്കിയത്. കരിയറിലെ പ്രധാന കിരീട വിജയങ്ങളും വ്യക്തിപരമായ ആദരവും റയല്‍ മാഡ്രിഡില്‍ കഴിഞ്ഞ സീസണുകളില്‍ സാധ്യമായി. അത് തുടരാനാണ് താനാഗ്രഹിക്കുന്നതെന്ന് ക്രിസ്റ്റ്യാനോ വ്യക്തമാക്കി. ഇതിന് പിന്നാലെ റയല്‍ കോച്ച് സിനദിന്‍ സിദാനും സൂപ്പര്‍ താരം ആഘോഷദിനങ്ങള്‍ കഴിഞ്ഞ് ആഗസ്റ്റ് അഞ്ചിന് ടീമിനൊപ്പം ചേരുമെന്ന് അറിയിച്ചു.

കഴിഞ്ഞ മാസം പോര്‍ച്ചുഗല്‍ പത്രം ഒ ഗ്ലോബോയാണ് ക്രിസ്റ്റിയാനോ റയല്‍ വിടുമെന്ന റിപ്പോര്‍ട്ട് നല്‍കിയത്. സ്‌പെയ്‌നിലെ നികുതി വകുപ്പിന്റെ നിരന്തരമായ വേട്ടയാടലില്‍ മനം മടുത്ത് ക്രിസ്റ്റ്യാനോ സ്പാനിഷ് ലാ ലിഗ വിടുമെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് ഫ്രഞ്ച് ക്ലബ്ബ് പി എസ് ജി റെക്കോര്‍ഡ് ട്രാന്‍സ്ഫറിനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ നവംബറില്‍ റയലുമായി 2021 വരെയുള്ള കരാറില്‍ ക്രിസ്റ്റ്യാനോ ഒപ്പുവെച്ചിരുന്നു.

93 ദശലക്ഷം ഡോളറായിരുന്നു ഇതുപ്രകാരം 2016-17 സീസണില്‍ ക്രിസ്റ്റ്യാനോയുടെ വേതനം. ഫോബ്‌സിന്റെ കണക്ക് പ്രകാരം ലോകത്ത് ഏറ്റവും വരുമാനമുള്ള കായിക താരമായി ക്രിസ്റ്റിയാനോ റെക്കോര്‍ഡിടുകയും ചെയ്തു.