സ്വയം പറന്നുയരാനൊരുങ്ങി ദുബൈ

Posted on: July 24, 2017 7:37 pm | Last updated: July 24, 2017 at 7:37 pm

ദുബൈ: ദുബൈ നഗരത്തിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്നായ ഓട്ടോമാറ്റഡ് ഏരിയല്‍ ടാക്‌സി പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. സ്വയം പറക്കുന്ന ടാക്‌സിയുടെ പ്രവര്‍ത്തന രീതി വിവരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം ദുബൈ മീഡിയ ഓഫീസ് ട്വിറ്ററിലൂടെ പങ്ക് വെച്ചു. ദുബൈ നഗരത്തിന്റെ ഗതാഗത മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ പങ്ക് വെക്കുന്നതാണ് വീഡിയോ.
ജര്‍മനിയിലെ പ്രമുഖ നിര്‍മാതാക്കളായ വോളോകോപ്ടര്‍ അധികൃതരുമായി മികവുറ്റ ഓട്ടോണോമസ് എയര്‍ വെഹിക്കിളുകള്‍ നിര്‍മിക്കുന്നതിന് ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അധികൃതര്‍ കഴിഞ്ഞ മാസം ധാരണാ പത്രത്തില്‍ ഒപ്പു വെച്ചിരുന്നു. ഈ വര്‍ഷം അവസാനത്തോടെ രണ്ട് പേര്‍ക്ക് ഇരുന്നു സഞ്ചരിക്കാവുന്ന ഓട്ടോമാറ്റിക് വാഹനം പരീക്ഷണാടിസ്ഥാനത്തില്‍ ദുബൈയുടെ ആകാശങ്ങളില്‍ പറന്ന് നടക്കും. ദുബൈ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായി സഹകരിച്ചു ആര്‍ ടി എ പ്രത്യേക നിയമ ചട്ടക്കൂടുകളും രൂപപ്പെടുത്തും.
നഗരത്തിന്റെ ഒരു ഭാഗത്തു നിന്ന് മറ്റൊരിടത്തേക്ക് മാനുഷിക അദ്ധ്വാനം കൂടാതെ വാഹനം സഞ്ചരിക്കുന്നതിന്റെ വിവരങ്ങളാണ് വീഡിയോവില്‍ ഉള്ളത്. മണിക്കൂറില്‍ പരമാവധി 100 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിവുള്ള പേടകങ്ങള്‍ക്ക് 30 മിനുറ്റ് ദൈര്‍ഘ്യത്തില്‍ പറക്കാനാകും.
കൂടുതല്‍ ശക്തിയോടെ പറന്നുയരാനും സഞ്ചരിക്കാനും കഴിയുന്ന കരുത്തുറ്റ പ്രൊപ്പല്ലറുകള്‍, മോട്ടോര്‍ സംവിധാനങ്ങള്‍, ഊര്‍ജ ഉറവിടം, പേടകത്തിന്റെ നിയന്ത്രണ സംവിധാനങ്ങള്‍, വലിയ വിമാനങ്ങളിലേതിന് സമാനമായ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പാരച്യൂട്ടുകള്‍ എന്നിവയടങ്ങിയതാണ് പേടകത്തിന്റെ രൂപ കല്പന. 2030ഓട് കൂടി ദുബൈ നഗരത്തിന്റെ മൊത്തം ഗതാഗത മേഖലയുടെ കാല്‍ ഭാഗവും ഓട്ടോമാറ്റിക് ട്രാന്‍സ്‌പോര്‍ട് സംവിധാനങ്ങളിലേക്ക് മാറ്റിയെടുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.