Connect with us

Gulf

ദിവയുടെ റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ 2020ല്‍ സജ്ജമാകും

Published

|

Last Updated

സഈദ് മുഹമ്മദ് അല്‍ തായറിന്റെ നേതൃത്വത്തിലുള്ള ദിവ സംഘം റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയപ്പോള്‍

ദുബൈ: സീഹ് അല്‍ ദഹലില്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സോളാര്‍ പാര്‍കിന്റെ ഭാഗമായുള്ള റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ 2020ല്‍ സജ്ജമാകും. 50 കോടി ദിര്‍ഹം ചെലവിലാണ് സെന്ററിന്റെ നിര്‍മാണം. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (ദിവ) സി ഇ ഒയും എം ഡിയുമായ സഈദ് മുഹമ്മദ് അല്‍ തായറും സംഘവും ഇന്നലെ സെന്റര്‍ സന്ദര്‍ശിച്ചു.

സെന്ററിന്റെ രൂപകല്‍പനയും നിര്‍മാണവും നടത്തുന്ന സ്റ്റാന്‍ടെക് ഇന്റര്‍നാഷണല്‍ പ്രതിനിധികളുമായി അല്‍ തായര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പുനരുപയുക്ത ഊര്‍ജ മേഖലയിലെ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്ക് മികച്ച സംഭാവന നല്‍കുന്നതാണ് റിസര്‍ച് ആന്‍ഡ് ഡവലപ്‌മെന്റ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍. വൈവിധ്യങ്ങളായ ഊര്‍ജ സ്രോതസുകളും ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കാനുമുള്ള ദുബൈ ക്ലീന്‍എനര്‍ജി സ്ട്രാറ്റജി 2050ന്റെ ലക്ഷ്യങ്ങളെയും സെന്റര്‍ സഹായിക്കും. സുസ്ഥിര ഊര്‍ജ വിതരണമെന്ന ദിവയുടെ ലക്ഷ്യപൂര്‍ത്തീകരണത്തിനാണ് സെന്റര്‍. സൗരോര്‍ജ ഗവേഷണ രംഗത്തെ ആഗോള ഹബ്ബായി ദുബൈയെ മാറ്റാന്‍ സെന്ററിനാകും.

ഇവിടുത്തെ ഇന്‍ഡോര്‍ ലബോറട്ടറി, പഠനത്തിനും പരിശോധനക്കുമുള്ളതാണ്. വിവിധയിടങ്ങളില്‍ ചെന്ന് പരിശോധന നടത്തുന്നതിനുള്ളതാണ് ഔട്ട് ഡോര്‍ ലബോറട്ടറി. സൗരോര്‍ജ പാനലുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന പൊടിപടലങ്ങളെ ലഘൂകരിക്കുന്നതിനാവശ്യമായ പരിശോധനയടക്കം ഔട്ട് ഡോര്‍ ലബോറട്ടറി സംഘമാണ് നിര്‍വഹിക്കുക. ത്രിമാന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച പൈലറ്റില്ലാ വിമാനവും ലാബിന്റെ ഭാഗമായുണ്ട്.

ഊര്‍ജ മേഖലയില്‍ നൂതനാശയങ്ങള്‍ നടപ്പാക്കുന്നതിനായി യു എസ് എനര്‍ജി ഡിപ്പാര്‍ട്‌മെന്റിന്റെ നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി ലബോറട്ടറി (എന്‍ ആര്‍ ഇ എല്‍), സ്പാനിഷ് നാഷണല്‍ റിന്യൂവബിള്‍ എനര്‍ജി സെന്റര്‍ (സി ഇ എന്‍ ഇ ആര്‍) തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി ദിവ ഇതിനോടകം കരാറൊപ്പിട്ടു. പുനരുപയുക്ത ഊര്‍ജ മേഖലയിലെ ഗവേഷണത്തിനും പഠനത്തിനും യുണൈറ്റഡ് അറബ് യൂണിവേഴ്‌സിറ്റിയുമായും ഖലീഫ യൂണിവേഴ്‌സിറ്റിയുമായും ദിവ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

വാട്ടര്‍ ആന്‍ഡ് സിവില്‍ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുല്ല ഉബൈദുല്ല, സ്‌പെഷ്യല്‍ പ്രൊജ്ക്ട്‌സ് വൈസ് പ്രസിഡന്റ് ജമാല്‍ ഷഹീന്‍ അല്‍ ഹമ്മാദി, സിവില്‍ പ്രൊജക്ട്‌സ് എന്‍ജിനീയറിംഗ് ആന്‍ഡ് വാട്ടര്‍ മെയിന്റനന്‍സ് വൈസ് പ്രസിഡന്റ് മുഹമ്മദ് അല്‍ ശംസി എന്നിവരും അല്‍ തായറിനൊപ്പമുണ്ടായിരുന്നു.

---- facebook comment plugin here -----

Latest