1971ല്‍ സംഭവിച്ചത് പാക്കിസ്ഥാന്‍ ഓര്‍ക്കുന്നത് നന്നാകും: വെങ്കയ്യ നായിഡു

Posted on: July 23, 2017 4:37 pm | Last updated: July 23, 2017 at 7:27 pm

ന്യൂഡല്‍ഹി: 1971ല്‍ സംഭവിച്ചതെന്താണെന്ന് പാക്കിസ്ഥാന്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് ബിജെപി നേതാവും ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയുമായ വെങ്കയ്യ നായിഡു. ഭീകരതയെ പിന്തുണക്കുന്നത് ദേശീയ നയമായി സ്വീകരിച്ച പാക്കിസ്ഥാന്‍, അത് നല്ലതിനല്ലെന്ന് തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കാര്‍ഗില്‍ പരക്രം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.

ഭീകരവാദം മനുഷ്യരാശിക്ക് തന്നെ ദോഷകരമാണ്. ഭീകരവാദത്തെ മതവുമായി ബന്ധിപ്പിക്കുമ്പോള്‍ അതിന്റെ തീവ്രത ഇരട്ടിക്കും. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അതില്‍ നിന്ന് ഒരിഞ്ചു ഭൂമി പോലും സ്വന്തമാക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട – വെങ്കയ്യ പറഞ്ഞു.

ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ആരുമായും യുദ്ധത്തില്‍ ഏര്‍പ്പെടണമെന്ന് ഇന്ത്യക്ക് ആഗ്രഹമില്ല. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് ഇന്ത്യക്ക് ഇഷ്ടം. എന്നാല്‍ ഇത് മറ്റു രാജ്യങ്ങള്‍ കൂടി മനസ്സിലാക്കണം. അല്ലെങ്കില്‍ ഇന്ത്യക്ക് മറിച്ച് ചിന്തിക്കേണ്ടി വരുമെന്നും വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.