എ‌ം വിൻസൻറ് എംഎൽഎയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Posted on: July 22, 2017 12:45 pm | Last updated: July 24, 2017 at 9:57 am

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലായ കോവളം എം എല്‍ എ. എം വിന്‍സൻറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. നെയ്യാറ്റിൻകര കോടതിയുടെതാണ് നടപടി. തുടർന്ന് അദ്ദേഹത്തെ നെയ്യാറ്റിൻകര സബ്ജയിലിലേക്ക് മാറ്റി. വിൻസൻറിനെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിരുന്നില്ല.

ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് വിൻസൻറിനെ അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിൽ വെച്ച് പാറശ്ശാല എസ്എെയുടെ നേതൃത്വത്തിലുള്ള സംഘം നാല് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. തുടർന്ന് വിൻസൻറിനോട് പേരൂർക്കട പോലീസ് ക്ലബിൽ എത്താൻ ആവശ്യപ്പെട്ടു. എം.എല്‍.എ ഹോസ്റ്റലില്‍നിന്ന് ഒൗദ്യോഗിക വാഹനത്തിൽ പോലീസ് ക്ലബിൽ എത്തിയ അദ്ദേഹത്തെ അറസ്റ്റ ചെയ്യുകയായരിുന്നു. തുടർന്ന് പോലീസ് വാഹനത്തില്‍ സംസ്ഥാന പോലീസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇവിടെ വെച്ച് ചോദ്യം ചെയ്ത ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു.

ജാമ്യമില്ലാ വകുപ്പുകളാണ് എംഎല്‍എക്കെതിരെ ചുമത്തിയിരിക്കുന്നത്. എം എല്‍ എയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി പോലീസ് തേടിയിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അജിത ബീഗമാണ് ഇക്കാര്യം അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍, ഇതിന് പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. നിയമസഭാ സമുച്ചയത്തിനുള്ളില്‍ ഉണ്ടാകുന്ന കാര്യങ്ങളില്‍ മാത്രമേ നിയമസഭാംഗമെന്ന പരിഗണന എം എല്‍ എക്ക് ലഭിക്കൂ.

എം എല്‍ എക്കെതിരെ സ്ത്രീ പീഡനത്തിനാണ് കേസെടുത്തത്. എം എല്‍ എ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് ആത്മഹത്യക്കു ശ്രമിച്ച വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് എം എല്‍ എക്കെതിരെ നേരത്തെ നെയ്യാറ്റിന്‍കര പോലീസ് ആത്മഹത്യാപ്രേരണക്കായിരുന്നു കേസെടുത്തിരുന്നത്.

എം എല്‍ എയുടെ അയല്‍വാസിയും നെയ്യാറ്റിന്‍കര സ്വദേശിയുമായ സ്ത്രീയാണ് പരാതിക്കാരി. എം എല്‍ എ തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്നും കഴിഞ്ഞ ദിവസം രാവിലെ ഫോണില്‍ വിളിച്ചു ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും പരാതിയില്‍ പറയുന്നു. മനോവിഷമത്തിലായ സ്ത്രീ രക്തസമ്മര്‍ദത്തിനുള്ള ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യക്കു ശ്രമിച്ചത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീയുടെ മൊഴിയെടുത്ത പോലീസ് കേസില്‍ കൂടുതല്‍ വകുപ്പുകളും കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. വീട്ടമ്മയുടെ മൊഴിയടങ്ങിയ സി ഡി അന്വേഷണ ഉദ്യോഗസ്ഥയായ കൊല്ലം കമ്മീഷണര്‍ അജിതാബീഗത്തിന് കൈമാറി. ഏഴ് പേര്‍ അടങ്ങുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് അന്വേഷണ ചുമതല.