ശാക്തീകരണം ഇത്ര വേണോ?

Posted on: July 21, 2017 6:36 am | Last updated: July 20, 2017 at 11:38 pm

ഇണയും തുണയുമായിട്ടാണ് മുഴുവന്‍ ഭൂനിവാസികളെയും അല്ലാഹു സൃഷ്ടിച്ചത്. ഇതി ലാണ് ഭൂമിയുടെ ഉണര്‍വും പുരോഗതിയും. ആണും പെണ്ണുമില്ലെങ്കില്‍ ഈ ഭൂമി മൃതാവസ്ഥയില്‍ കിടക്കുമായിരുന്നു. ഇണകളെ സൃഷ്ടിച്ച അല്ലാഹുവിനെ എത്ര സ്തുതിച്ചാലും മതിയാവില്ല. ‘ഭൂമി ഉത്പാദിപ്പിക്കുന്നതില്‍ നിന്നും, അവരുടെ സ്വന്തം വര്‍ഗത്തില്‍ നിന്നും അവര്‍ക്കറിയാത്തതില്‍ നിന്നും എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍'(യാസീന്‍ 36).

ഏത് വര്‍ഗത്തിലാണെങ്കിലും ആണും പെണ്ണും തുല്യരല്ല. ഇവര്‍ തമ്മില്‍ ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാവുന്ന വ്യത്യാസങ്ങള്‍ക്ക് പുറമെ, തൂക്കം, ഉയരം, തലച്ചോറടക്കമുള്ള ആന്തരികാവയയങ്ങളുടെ വലിപ്പം, ലൈംഗികാവയവം, ഉത്പാദനത്തിലെ പങ്കാളിത്തം, ബുദ്ധി, ധൈര്യം, സഹനം, ആര്‍ദ്രത, സ്‌നേഹം തുടങ്ങി ശാരീരികവും മാനസികവുമായ അനേകം വിഷയങ്ങളില്‍ ഈ അന്തരം നിലനില്‍ക്കുന്നു.
ആണിന്റെ കായിക ശക്തി പെണ്ണിനില്ല. തുല്യ ശക്തികള്‍ തമ്മിലാണല്ലോ മത്സരം നടക്കേണ്ടത്. ഇതുകൊണ്ടാണ് ഒളിംപിക്‌സ് മുതല്‍ സ്‌കൂള്‍ തലത്തില്‍ നടക്കുന്ന കായിക മത്സരങ്ങളില്‍ വരെ ആണും പെണ്ണും നേര്‍ക്കു നേര്‍ ഏറ്റുമുട്ടാത്തത്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മിഥാലി രാജ് റണ്‍ കൊയ്ത്തില്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ക്കൊപ്പമെത്തിയെങ്കിലും വിരാട് കോഹ്‌ലിയുടെ പുരുഷ ടീമില്‍ ആ പ്രതിഭക്ക് ഇടം നല്‍കാന്‍ കഴിയില്ല. കാരണം സ്ത്രീയും പുരുഷനും തുല്യരല്ല.

മതരംഗത്തും ഇതുപോലെ സ്ത്രീക്കും പുരുഷനും വ്യത്യസ്ത നിയമങ്ങളാണ് ചില വിഷയങ്ങളില്‍. രണ്ട് വിഭാഗത്തിന്റെയും ശാരീരിക, മാനസിക, കുടുംബ സാഹചര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് സ്രഷ്ടാവ് തന്നെ അങ്ങനെ സംവിധാനിച്ചത്. ആരാധകളില്‍ ഏറ്റവും ശ്രേഷ്ഠമായതാണ് നിസ്‌കാരം. ഇത് പുരുഷനെപ്പോലെ സ്ത്രീക്കും നിര്‍ബന്ധമാണ്. ആണുങ്ങള്‍ നിസ്‌കരിച്ചാല്‍ ലഭിക്കുന്ന അതേ പ്രതിഫലം തന്നെയാണ് സ്ത്രീകള്‍ക്കും അല്ലാഹു നല്‍കുന്നത്. സ്ത്രീ തൊഴിലാളികള്‍ക്ക് കൂലി കുറക്കുന്ന അസമത്വം അല്ലാഹു അനുവദിക്കുന്നില്ല. അതേസമയം, ദിവസവും അഞ്ച് സമയങ്ങളിലായി പള്ളിയില്‍ ചെന്ന് സംഘടിതമായി നിസ്‌കരിക്കണം എന്ന ബാധ്യതയില്‍ നിന്നും സ്ത്രീകളെ അല്ലാഹു തന്നെ ഒഴിവാക്കിക്കൊടുത്തിരിക്കുകയാണ്. ഇതുപോലെ, എല്ലാ വെള്ളിയാഴ്ചകളിലും ഉച്ച നേരത്ത് നടക്കുന്ന ജുമുഅ നിസ്‌കാരത്തിലും സ്ത്രീകള്‍ പങ്കെടുക്കേണ്ടതില്ല. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ചെയ്യേണ്ട ഒരു കര്‍മമാണ് ഹജ്ജും ഉംറയും. ഇത് തന്നെ; കൂടെ ഒരു മഹ്‌റമുണ്ടെങ്കില്‍ മാത്രമേ അവര്‍ക്ക് നിര്‍ബന്ധമുള്ളൂ. സ്ത്രീകളുടെ പ്രകൃതിയും പ്രയാസങ്ങളും മാനിച്ചുകൊണ്ടാണ് ഈ ഇളവുകള്‍ അല്ലാഹു അവര്‍ക്ക് അനുവദിച്ചുകൊടുത്തത്.

സ്ത്രീകള്‍ക്ക് മാത്രമേ ഗര്‍ഭം ചുമക്കാന്‍ കഴിയൂ. പ്രസവവും അവള്‍ തന്നെ നടത്തണം. ഇവരോട് ആര്‍ദ്രത കാണിക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. ഗവണ്‍മെന്റ് വരെ ആറുമാസം അവര്‍ക്ക് പ്രസവാവധി നല്‍കുന്നത് ഇതുകൊണ്ടാണ്. ഇനി രണ്ട് വര്‍ഷക്കാലം കുഞ്ഞിന് മുലയൂട്ടണം. പിന്നെയും അവരെ നോക്കി വളര്‍ത്താനുള്ള ബാധ്യത സ്ത്രീകള്‍ക്ക് തന്നെയാണ്. ചിലര്‍ തൊഴിലിന് പോകുന്നുണ്ടെങ്കിലും ആ സമയത്ത് അവരുടെ മക്കളെ നോക്കി വളര്‍ത്തുന്നത് വേലക്കാരികളായ സ്ത്രീകള്‍ തന്നെയാണ്. ഇതോടൊപ്പം വീടും പരിസരവും വൃത്തിയാക്കണം. ഉടയാടകള്‍ റെഡിയാക്കണം. കുടുംബത്തിന് ഭക്ഷണം പാകം ചെയ്യണം. പുറത്തു ജോലി കൂടിയുള്ളവരാണെങ്കില്‍ ഇരട്ട ഭാരം പേറണം. ഈ ബഹുമുഖ തിരക്കുകള്‍ക്കിടയില്‍ ഇടവിട്ട് പള്ളിയില്‍ നിന്നു ബാങ്ക് കേള്‍ക്കുമ്പോള്‍ ഉടുത്തൊരുങ്ങി അവിടെ ചെന്ന് ജമാഅത്തിലും പങ്കെടുക്കണമെന്ന് പറയുന്നത് സ്ത്രീ സ്വാതന്ത്ര്യമാണോ? അതോ പാരതന്ത്ര്യമോ ? ഇതാണ് യഥാര്‍ഥത്തില്‍ സ്ത്രീ പീഡനം.

ഇതുകൊണ്ട് തന്നെയാണ് ഉമ്മുഹുമൈദിനിസ്സാഇദി(റ) എന്ന സ്വഹാബി വനിത തിരുനബി(സ)യെ സമീപിച്ചുകൊണ്ട് ‘അങ്ങയോടൊപ്പം വന്നു നിസ്‌കരിക്കാന്‍ അതിയായ ആഗ്രഹമുണ്ട് നബിയേ’ എന്ന് പറഞ്ഞപ്പോള്‍, നിങ്ങള്‍ക്ക് എന്റെ ഈ പള്ളിയില്‍ വന്നു എന്നോടൊപ്പം നിസ്‌കരിക്കുന്നതിനേക്കാള്‍ ഉത്തമം നിങ്ങളുടെ വീടിന്റെ ഇരുട്ടറയില്‍ വെച്ച് നിസ്‌കരിക്കലാണെന്ന് നബി(സ) മറുപടി കൊടുത്തത്.(അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍)
സ്ത്രീ പുരുഷ സമത്വത്തിനു വേണ്ടിയുള്ള മുറവിളി ഉയര്‍ന്നപ്പോള്‍ കഥയറിയാതെ ചാടിയിറങ്ങിയ മതപരിഷ്‌കരണവാദികള്‍ സ്ത്രീകള്‍ക്ക് അല്ലാഹു നല്‍കിയ ആനുകൂല്യങ്ങള്‍ എടുത്തുകളയുകയാണ് ചെയ്തത്. അവര്‍ക്ക് നിസ്‌കാരത്തിന് ഉത്തമം വീട് തന്നെയാണെന്ന് മുമ്പ് ഇവരും പ്രചരിപ്പിച്ച ആശയമാണ്. ‘സ്ത്രീകള്‍ക്ക് മാത്രമാണ് വീട്ടില്‍ നിന്നു നിസ്‌കരിക്കുവാന്‍ അനുവാദമുള്ളൂ. മാത്രമല്ല, വീട്ടില്‍ വെച്ച് നിസ്‌കരിക്കലാണ് ഉത്തമം. അവര്‍ക്കതിലാണ് കൂടുതല്‍ പ്രതിഫലം'(പ്രബോധനം 1951 ജൂണ്‍). സ്ത്രീകള്‍ക്ക് കൂടുതല്‍ ഉത്തമവും പ്രതിഫലാര്‍ഹവുമായ കാര്യത്തെ തിരുത്തി പുതിയ നിയമം നിര്‍മിച്ചവര്‍ ആര്‍ക്കു വേണ്ടിയാണീ പൊളിച്ചെഴുത്ത് എന്ന് വ്യക്തമാക്കണം. ഇപ്പോള്‍ ലോകത്ത് ആദ്യമായി പള്ളിക്കമ്മിറ്റിയിലും വനിതാ പ്രാതിനിധ്യം നല്‍കിക്കൊണ്ട് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ‘പുരോഗമന’ പാതയില്‍ വന്‍ കുതിപ്പ് നടത്തിയിരിക്കുകയാണ്.

ജമാഅത്തെ ഇസ്‌ലാമിക്കാര്‍ നിയന്ത്രിക്കുന്ന മഹല്ലുകളിലൊന്നും ഇനി അവരുടെ പുരുഷ മേധാവിത്വം നടക്കാന്‍ പോകുന്നില്ല. മങ്കമാര്‍ അതിനെ ചെറുത്തുതോല്‍പ്പിക്കും. സുന്നീ മഹല്ലുകളില്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്കെതിരെ അവഗണനകളൊന്നും നടക്കാത്തതുകൊണ്ട്, അവരെ കമ്മിറ്റിയിലെടുത്ത് പ്രശ്‌നം പരിഹരിക്കേണ്ടിവന്നിട്ടില്ല.
സ്ത്രീ ശാക്തീകരണത്തിനായി പല പദ്ധതികള്‍ വന്നെങ്കിലും സ്ത്രീ പീഡനങ്ങള്‍ക്കും മാനഭംഗങ്ങള്‍ക്കും ഒരു കുറവും വന്നിട്ടില്ല. കൂടുകയാണുണ്ടായത്. പള്ളിക്കമ്മിറ്റിയിലും ജനറല്‍ ബോഡിയിലും വളകിലുങ്ങുന്നത് കൊണ്ടും കിളിക്കൂറ്റ് കേള്‍ക്കുന്നതുകൊണ്ടും സ്ത്രീ ശാക്തീകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിലുള്ളതിന് പുറമെ ഒരു ഭാഗവും കൂടി തലയില്‍ വെച്ചുകെട്ടുകയും അവരെ കൂടി ഈ കാലുഷ്യം നിറഞ്ഞ കാലത്ത് ഗ്രൂപ്പ് വഴക്കിലും വെട്ടിപ്പിടുത്തങ്ങളിലും പങ്കാളികളാക്കാനും സാധിച്ചേക്കും. ഇനി കൂടിയാല്‍ സ്ത്രീകള്‍ സ്വകാര്യമാക്കി വെക്കുന്ന ചില രഹസ്യങ്ങള്‍ കൂടി പുറത്തറിയിച്ച് അവരെ അവഹേളിക്കാനും സാധിച്ചേക്കും. അതുമറ്റൊന്നുമല്ല, ജമാഅത്തുകാര്‍ വരെ പഠിപ്പിച്ചുവരുന്ന ഒരു കാര്യമാണ് ആര്‍ത്തവ കാലങ്ങളില്‍ പള്ളിയില്‍ താമസിക്കാന്‍ പാടില്ല എന്നത്. ഇനി പള്ളിക്കമ്മിറ്റി കൂടുമ്പോള്‍ സെക്രട്ടറി മങ്കമാരെ വിളിച്ച് ഇതുകൂടി ചിലപ്പോള്‍ ഉറപ്പ് വരുത്തേണ്ടിവരും. ഏതായാലും സ്ത്രീ ശാക്തീകണം നടക്കട്ടെ !!