Connect with us

Articles

രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്പോള്‍

Published

|

Last Updated

ലോകത്തെ ഏറ്റവുംവലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അധികാരം കൈയിലെത്തിയ ശേഷം കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മാറ്റമെന്ന വ്യാജേന നടപ്പിലാക്കി വരുന്ന പദ്ധതികളെല്ലാം രാഷ്ട്രീയ കീഴ്‌വഴക്കങ്ങളെയും പതിവ് രീതികളെയും അട്ടിമറിക്കുന്നതായിരുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പ്രകടമായ ഉദാഹരണമായിരുന്നു രാജ്യത്തിന്റെ 14-ാമത് പ്രഥമ പൗരന്റെ തിരഞ്ഞെടുപ്പും.
ജനാധിപത്യത്തിലെ ഫെഡറല്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്ക് തന്നെയാണ് പ്രാധാന്യമെങ്കിലും വെറും ആലങ്കാരിക പദവിക്കപ്പുറം 140 കോടി വരുന്ന ഇന്ത്യന്‍ ജനതയെ മത വര്‍ഗ വൈജാത്യങ്ങള്‍ക്കപ്പുറം ഒരു പോലെ കാണാന്‍ കഴിയുന്ന ആളെന്ന യോഗ്യത പ്രഥമ പൗരന്റെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയില രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കാറുണ്ടായിരുന്നു. ഒരു രാഷ്ട്രീയക്കാരനെന്നതിനപ്പുറം നാനാത്വത്തില്‍ ഏകത്വമെന്ന മഹത്തായ ഇന്ത്യന്‍ സംസ്‌കാരമുള്‍ക്കൊള്ളുന്ന ഇന്ത്യക്കാരന്‍ എന്നതിന് തന്നെയായിരുന്നു നാളിതുവരെ പ്രഥമ പരിഗണന ലഭിച്ചിരുന്നതും. എന്നാല്‍ രാംനാഥ് കോവിന്ദിന്റെ സ്ഥാനാരോഹണത്തിലൂടെ ഈ നല്ല പ്രവണതയാണ് മോദിയും കൂട്ടരും മാറ്റി എഴുതിയിരിക്കുന്നത്. രാഷ്ട്രീയ മണ്ഡലത്തില്‍ അത്ര വിഖ്യാതനൊന്നുമല്ലെങ്കിലും ദളിത് ഐഡന്റിറ്റിയുടെ മറവില്‍ സംഘകുടുംബത്തിന് വേണ്ടിയുള്ള കഠിനാദ്ധ്വാനവും സമര്‍പ്പണവും നിശ്ചയദാര്‍ഢ്യവുമാണ്, അദ്ദേഹത്തെ രാഷ്ട്രപതി പദവിയെന്ന ഉന്നതസ്ഥാനത്തെത്താന്‍ സഹായിച്ച ഘടകങ്ങള്‍. ഒപ്പം ആര്‍ എസ് എസ് പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രപതിയാകുന്ന ആദ്യവ്യക്തിയെന്ന റെക്കോര്‍ഡും കോവിന്ദിനുള്ളതാണ്. രാഷ്ട്രീയത്തിനപ്പുറം വര്‍ഗീയ അജന്‍ഡക്ക് മേല്‍ക്കൈ ലഭിച്ചപ്പോള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളാണോ ഇതേ ജനങ്ങളുടെ മുഴുവന്‍ രാഷ്ട്രപതിയാകുന്നതെന്ന സന്ദേഹം ഇന്നലെ രാജ്യം മുഴുക്കെ പ്രതിധ്വനിച്ചു. ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജാതി മത ശക്തികളാല്‍ നിയന്ത്രിക്കപ്പെടുമ്പോഴുണ്ടാകുന്ന ദുരന്തത്തിന്റെ പരിണിത ഫലമാണിത്. രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മൂന്നിലൊന്ന് വരുന്ന ജനസമൂഹത്തെ അന്യരായും രാജ്യത്തിന് പുറത്തുപോകേണ്ടവരായും കാണുന്ന ഒരാള്‍ക്ക് എങ്ങനെ ആ രാജ്യത്തിന്റെ പ്രഥമ പൗരനായിരിക്കാന്‍ കഴിയുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. സവര്‍ണ പ്രീണനവും ന്യൂനപക്ഷ ദളിത് വിരുദ്ധതയും പ്രധാന യോഗ്യതയാകുന്ന ഈ കാലഘട്ടത്തില്‍ ദളിതരില്‍ നിന്ന് തന്നെ ഇത്തരമൊരാള്‍ സവര്‍ണ നിയന്ത്രിത രാഷ്ട്രീയ സംവിധാനത്തെ ചലിപ്പിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യനാകുമെന്ന കാര്യത്തില്‍ സംശയമില്ല.

പിന്നാക്ക വിഭാഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് 2010ല്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമുണ്ടാക്കിയതാണെങ്കിലും ഇത്തരമൊരു സാഹചര്യത്തില്‍ ഇദ്ദേഹത്തെ പിന്തുണച്ച ദളിതുകളുടെ വാക്താക്കള്‍ ഇവ പരിഗണിച്ചുപോലുമില്ല. 2009ല്‍ രംഗനാഥ് മിശ്ര കമ്മീഷന്റെ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്‌ലിംകള്‍ക്കും അഞ്ചു ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സംവരണം നല്‍കണമെന്ന നിര്‍ദേശമാണ് അദ്ദേഹത്ത ചൊടിപ്പിച്ചത്. 2010ല്‍ ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒപ്പം ഇസ്‌ലാം, ക്രിസ്ത്യന്‍ തുടങ്ങിയ മതങ്ങള്‍ ഇന്ത്യക്ക് അന്യമാണെന്നും അവര്‍ക്കായുള്ള സംവരണം ഒഴിവാക്കണമെന്നും പറഞ്ഞാണ് 2010ല്‍ രാം നാഥ് കോവിന്ദ് തന്റെ സംഘ്പരിവാര്‍ മുഖം മറ നീക്കി പുറത്തെടുത്തത്. 2012ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കേറ്റ കനത്ത തോല്‍വിയെ മറികടക്കാന്‍ അമിത് ഷാ കണ്ടെത്തിയ ചാണക്യാസ്ത്രമായിരുന്നു യു പിയിലെ പാരമ്പരാഗത നെയ്ത്തുകാരായകോറിയെന്ന ദളിത് കുലത്തില്‍ ജനിച്ച കോവിന്ദ്. ദളിതര്‍ക്കിടയില്‍ മായാവതിക്കുണ്ടായിരുന്ന അപ്രമാദിത്വം തടയുന്നതോടൊപ്പം ദലിത് ഐക്യം തകര്‍ക്കുകയായിരുന്നു അതിലൂടെ അമിത്ഷാ ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് തിരിച്ചറിയാനുള്ള സാമാന്യ ബുദ്ധി പോലും അഭിനവ ദളിത് മതേതര കക്ഷികള്‍ക്ക് ഉണ്ടായില്ലെന്നത് ഏറെ ഖേദകരമാണ്.

ദലിതുകള്‍ക്കിടയില്‍ നിന്ന് തന്നെ സവര്‍ണ മനോഭാവമുള്ള ഒരാളെ കൊണ്ടുവരിക, തുടര്‍ന്ന് ഇയാളുടെ ന്യൂനപക്ഷ വിരോധവും ഭൂതകാലവും ചര്‍ച്ച പോലുമാകാതെ ദളിത് ആഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ നിരുപാധികം പിന്തുണ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ സംഘ് രാഷ്ട്രീയത്തിന് നയപരമായ വിജയമാണെങ്കിലും അത് ഇന്ത്യയെന്ന മതേതര രാജ്യത്തിന് സമ്മാനിക്കുന്ന ആശങ്ക അത്ര ചെറുതല്ല. രാജ്യതാത്പര്യങ്ങള്‍ക്ക് വിരുദ്ധമായ താണെങ്കിലും രാഷ്ട്രീയവും സാങ്കേതികതയും മുന്‍നിര്‍ത്തി തങ്ങളുടെ അജന്‍ഡ നടപ്പിലാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലൂടെ സംഘ്പരിവാര്‍ ഊട്ടിയുറപ്പിച്ചിരിക്കുന്നത്. സൈനിക, വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളുടെ സമഗ്രമായ കാവി വത്കരണത്തിന് ശേഷം ഭരണ മേഖലയിലും കാവി വത്കരണം ഏറെക്കുറെ പൂര്‍ത്തിയായി വരികയാണ്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറില്ലാത്ത സംസ്ഥാനങ്ങളില്‍ പോലും ഭരണം പിടിക്കുകയും രാജ്യത്തെ പകുതിയോളം വരുന്ന ഗവര്‍ണര്‍ കസേരകളില്‍ സംഘ് പ്രതിനിധികളെ അവരോധിക്കുകയും ചെയ്ത ശേഷം ഇപ്പോള്‍ രാജ്യത്തിന്റെ രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനങ്ങളില്‍ പോലും കാവി വത്കരണം പൂര്‍ണമായിരിക്കുകയാണ്. രാജ്യത്തിന്റെ ഭാവി ഏറെ അപകടത്തിലാക്കുന്നതാണ് സംഘ്പരിവാറിന്റെ ഈ നീക്കമെന്നതില്‍ സംശയമില്ല. ഭാവിയില്‍ രാഷ്ട്രീയ അട്ടിമറികള്‍ ക്കൊടുവില്‍ ഭരണം മാറിയാല്‍ പോലും സംഘ്പരിവാര്‍ നടപ്പിലാക്കിയിരിക്കുന്ന കാവി വത്കരണത്തിന്റെ ദുരിതം മാറാന്‍ പതിറ്റാണ്ടുകള്‍ എടുത്തേക്കും.

കേന്ദ്ര കോര്‍പറേഷനുകളിലും കമ്മീഷനുകളിലും തലവന്മാരെ നിശ്ചയിക്കുമ്പോഴും എതിര്‍പ്പ് മറികടന്നും കീഴ്‌വഴക്കങ്ങള്‍ അട്ടിമറിച്ച മോദി സര്‍ക്കാര്‍, പിന്നീട് ഗവര്‍ണര്‍മാരുടെ നിയമനത്തിലും, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമുള്ള സര്‍ക്കാര്‍ രൂപവത്കരണത്തിലും, രാഷ്ട്രപതി, ഉപരാഷ്ട്രപതി സ്ഥാനാര്‍ഥികളെ നിശ്ചിക്കുന്നതിലും, നോട്ടുനിരോധത്തിലും, ആധാര്‍ നിര്‍ബന്ധമാക്കുന്നതിലും, ബജറ്റ് അവതരണത്തില്‍ വരെ പാരമ്പര്യമായ നടപടിക്രമങ്ങള്‍ സ്വന്തം താത്പര്യങ്ങള്‍ക്ക് വേണ്ടി മാറ്റി മറിച്ചിരുന്നത് പകല്‍ പോലെ വ്യക്തമായതാണ്. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 14 സംസ്ഥാനങ്ങളിലും സംഘ്പരിവാര്‍ ബന്ധമുള്ള ഗവര്‍ണര്‍മാരാണ്. ബാക്കി പകുതി സംസ്ഥാനങ്ങളില്‍ തങ്ങള്‍ക്ക് വഴങ്ങുന്ന തരത്തിലുള്ളവര്‍ക്കാണ് ഗവര്‍ണര്‍ കസേര നല്‍കിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഡല്‍ഹി, പുതുച്ചേരി ഉള്‍പ്പെടെയുള്ള കേന്ദ്ര ഭരണ പ്രദേശങ്ങളുടെ കാര്യവും ഏറെ വ്യത്യസ്തമല്ല. ഇത് പലപ്പോഴും ഭരണപരമായ ഏറ്റുമുട്ടലുകള്‍ക്ക് വഴിവെക്കുന്നത് വാര്‍ത്തയായതാണ്.

അതേ സമയം ഇത്ര വ്യക്തമായി സംഘ്പരിവാര്‍ അജന്‍ഡകള്‍ നടപ്പിലാക്കുകയാണെന്നറിഞ്ഞിട്ടും താത്കാലികവും, പ്രാദേശികവുമായ ന്യായീകരണങ്ങള്‍ നിരത്തി അവരെ സഹായിക്കുന്ന മതേതര കക്ഷികള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയാണ് അപകടത്തിലാക്കുന്നത്. ഈ തരത്തിലേക്ക് ജനസാമാന്യത്തിന്റെയും മതേതര കക്ഷികളുടെയും മനോഭാവം മാറുന്നത് തന്നെ അപകട സൂചനയാണ് നല്‍കുന്നത്. അഡ്വാനിയും വാജ്പയ്‌യുമുണ്ടായിരുന്ന സംഘ് രാഷ്ട്രിയത്തില്‍ അഡ്വാനി തീവ്രവാദിയും വാജ്‌പേയി മിതവാദിയും, പിന്നീട് മോദി വന്നപ്പോള്‍ അഡ്വാനി മിതവാദിയും, യോഗി വന്നപ്പോള്‍ മോദി മിതവാദിയുമായി മാറുന്ന മനോഭാവമാണ് സംഘ് രാഷ്ട്രീയത്തിന്റെ അപകടകരമായ ഒളി അജന്‍ഡകള്‍ ഒളിച്ചു കടത്താന്‍ ഇവര്‍ മറയാക്കുന്നത്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest