Connect with us

Gulf

ടാക്‌സി നിരക്കില്‍ ദുബൈ നഗരം ആഗോള തലത്തില്‍ അഞ്ചാമത്

Published

|

Last Updated

ദുബൈ: ദുബൈ നഗരത്തിലെ ടാക്‌സി നിരക്ക് ലോക നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവെന്ന് കണക്കുകള്‍. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വാഹന വ്യവഹാരങ്ങള്‍ക്ക് വേണ്ടിയുള്ള വെബ് പോര്‍ട്ടലായ കാര്‍സ്പ്രിംഗ് ഒരുക്കിയ സര്‍വേയിലാണ് ടാക്‌സി നിരക്കില്‍ ദുബൈ നഗരം കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി അഞ്ചാം സ്ഥാനത്ത് എത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഏര്‍പെടുത്തുന്ന നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് രാജ്യാന്തര സഞ്ചാരികള്‍ക്ക് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങള്‍ ഒരുക്കുന്ന നഗരങ്ങളുടെ പട്ടികയില്‍ ദുബൈ ഇടം നേടിയത്. ഓരോ കേന്ദ്രങ്ങളിലേക്കുമുള്ള ദൂര പരിധി കണക്കാക്കി അവിടങ്ങളിലേക്ക് വരുന്ന ടാക്‌സി സേവനത്തിന്റെ ചിലവും അടിസ്ഥാനപ്പെടുത്തിയാണ് ഏറ്റവു കുറഞ്ഞ ടാക്‌സി വാടക കണക്കാക്കുന്നത്.

കിലോമീറ്ററിന് ഈടാക്കുന്ന തുക, ടാക്‌സികള്‍ യാത്രക്കിടയില്‍ യാത്രികര്‍ക്കായി വെയിറ്റ് ചെയ്യേണ്ടി വരുന്ന സമയം തുടങ്ങിയവയും കുറഞ്ഞ ടാക്‌സി നിരക്ക് കണക്കാക്കുന്നതില്‍ മാനദണ്ഡമായിരുന്നു. ദുബൈ വിമാനത്താവളത്തില്‍ നിന്ന് നഗര കേന്ദ്രത്തിലേക്കുള്ള ദുരത്തിന് 30.50 ദിര്‍ഹമാണ് ഈടാക്കുന്നത്. എന്നാലിത് കെയ്‌റോ നഗരത്തില്‍ ഇത്രയും ദൂരത്തിന് ഈടാക്കുന്നത് 15.41 ദിര്‍ഹം എന്ന നിരക്കിലാണ്. കെയ്‌റോ നഗരമാണ് ചിലവ് കുറഞ്ഞ ടാക്‌സി സേവനങ്ങളില്‍ മുന്നില്‍.
അതെ സമയം ടോക്കിയോ നഗരമാണ് ലോകത്തു ഏറ്റവും ചിലവേറിയ ടാക്‌സി സേവനങ്ങളുടെ നഗരം. ദുബൈ നഗരത്തിലെ ടാക്‌സി നിരക്കുകളുടെ 22.7 മടങ്ങ് കൂടുതലാണിത്.

നഗരങ്ങളില്‍ വിവിധയിടങ്ങളിലെ സന്ദര്‍ശന വേളയില്‍ കുറഞ്ഞ നിരക്കില്‍ ടാക്‌സി സേവനം ലഭിക്കുന്നത് ഏറ്റവും സന്തോഷം പകരുന്നതാണെന്ന് കാര്‍സ്പ്രിംഗ് സി ഇ ഒ മാക്‌സിമിലിന്‍ വോളന്‍ബ്രോയിച് പറഞ്ഞു.
ടൊയോട്ട കൊറോളയാണ് ദുബൈ നഗരത്തിലെ പ്രിയ വാഹനമെന്ന് ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നുണ്ട്.
വലിപ്പമേറിയ പ്രകൃതി സൗഹൃദ ടൊയോട്ട കാമറികള്‍ നിലവില്‍ ദുബൈ ടാക്‌സി കോര്‍പറേഷന് കീഴില്‍ സേവനം നടത്തുന്നുണ്ട്. അടുത്തു തന്നെ 200 ഇലക്ട്രിക് ടെസ്‌ല വാഹനങ്ങള്‍ ടാക്‌സി സേവന നിരയുടെ ഭാഗമാകുന്നുണ്ട്.

 

Latest