Connect with us

Kerala

നഴ്സുമാർക്ക് 20,000 രൂപ ശമ്പളം; സമരം ഒത്തുതീർന്നു

Published

|

Last Updated

തിരുവനന്തപുരം: നഴ്‌സുമാര്‍ക്ക് 20,000 രൂപ അടിസ്ഥാന ശമ്പളം നല്‍കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം അവസാനിപ്പിക്കുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത നഴ്സിംഗ് സംഘടനാ പ്രതിനിധികളുടെയും ആശുപത്രി മാനേജ്മെൻറ് പ്രതിനിധികളുടെയും യോഗത്തില്‍ ഇക്കാര്യത്തില്‍ ധാരണയായി. ഇതോടെ സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതായി നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എ അറിയിച്ചു.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സെക്രട്ടറി തല സമിതിയെ നിയോഗിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. തൊഴിൽ, ആരോഗ്യ, നിയമ സെക്രട്ടറിമാരാണ് സമതിയിലെ അംഗങ്ങൾ. സമിതി ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ഇന്ന് രാവിലെ നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ശമ്പളം 20000 രൂപയായി ഉയര്‍ത്തണമെന്ന് നഴ്‌സുമാരും സാധ്യമല്ലെന്ന് മാനേജ്‌മെന്റുകളും നിലപാട് സ്വീകരിച്ചതോടെയാണ് ചര്‍ച്ച പാളിയത്. 17,200 രൂപ വരെ നല്‍കാമെന്ന് ആദ്യ ചര്‍ച്ചയില്‍ മാനേജ്‌മെന്റുകള്‍ അറിയിച്ചുവെങ്കിലും നഴ്‌സുമാര്‍ വഴങ്ങിയില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വൈകീട്ട് വീണ്ടും ചര്‍ച്ച നടന്നത്. ഈ ചര്‍ച്ചയില്‍ നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ മാനേജ്‌മെന്റുകള്‍ തയ്യാറാവുകയായിരുന്നു.

സമരത്തില്‍ പങ്കെടുത്ത നഴ്‌സുമാരോട് ഒരു കാരണത്താലും പ്രതികാര നടപടി പാടില്ലെന്ന് മുഖ്യമന്ത്രി ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.