ചൈന ടിബറ്റന്‍ മേഖലയില്‍ വന്‍തോതില്‍ ആയുധ സംഭരണം നടത്തുന്നതായി റിപ്പോര്‍ട്ട്

Posted on: July 19, 2017 11:53 pm | Last updated: July 20, 2017 at 9:13 am

ബീജിംഗ്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്നതിനിടെ ചൈന ടിബറ്റന്‍ മേഖലയില്‍ വന്‍തോതില്‍ ആയുധ സംഭരണം നടത്തുന്നതായി റിപ്പോര്‍ട്ട്. സിക്കിമിലെ ദോകലാമില്‍ മാസത്തോളമായി ഇന്ത്യന്‍ സൈന്യം ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി നിലയുറപ്പിച്ചിരിക്കുകയാണ്. ഇതിനിടെയാണ്, ടിബറ്റന്‍ മേഖലയിലെ ഉള്‍നാടന്‍ കുന്നുകളില്‍ പതിനായിരക്കണക്കിന് ടണ്‍ യുദ്ധക്കോപ്പുകള്‍ സംഭരിച്ചു തുടങ്ങിയിരിക്കുന്നുവെന്ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി എല്‍ എ) മുഖപത്രമായ പി എല്‍ എ ഡെയ്‌ലി പറയുന്നത്.
ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന മേഖലയില്‍ മേല്‍നോട്ട ചുമതലയുള്ള പടിഞ്ഞാറന്‍ തിയറ്റര്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ വടക്കന്‍ ടിബറ്റിലെ കുന്‍ലും മലകളിലാണ് ഇത്തരത്തില്‍ വ്യാപകമായി ആയുധ സംഭരണം നടക്കുന്നത്. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച ഈ ആയുധനീക്കം റോഡ്, റെയില്‍ മാര്‍ഗം ഇപ്പോഴും പുരോഗമിക്കുകയാണെന്നും പി എല്‍ എ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെയുള്ള വാഗ്‌യുദ്ധം ഔദ്യോഗിക മാധ്യമങ്ങള്‍ വഴി കുറച്ചുനാളുകളായി ചൈന ശക്തമാക്കിയിരുന്നെങ്കിലും ആയുധ സംഭരണത്തെ കുറിച്ചുള്ള വിവരം പുറത്തുവിടുന്നത് ആദ്യമാണ്. ടിബറ്റന്‍ പീഠഭൂമിയില്‍ പി എല്‍ എ സംഘടിപ്പിച്ച ബൃഹത് സൈനിക പരിശീലനം സംബന്ധിച്ച വാര്‍ത്ത കഴിഞ്ഞ ആഴ്ച ചൈനീസ് ഔദ്യോഗിക ടെലിവിഷന്‍ പുറത്തുവിട്ടിരുന്നു. പരിശീലനം നടന്ന ഈ മേഖല ഇന്ത്യ- ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്ന ദോകലാമില്‍ നിന്ന് വളരെ അകലെയല്ല. അതേസമയം, ഇപ്പോള്‍ പുരോഗമിക്കുന്ന ആയുധക്കടത്ത് സൈനിക പരിശീലനത്തിന് വേണ്ടിയാണോ, മറ്റ് ആവശ്യങ്ങള്‍ക്കാണോ എന്ന് പി എല്‍ എ ഡെയ്‌ലി വ്യക്തമാക്കുന്നില്ല.
ഇന്ത്യയുമായി സൈനിക നടപടിയിലേക്ക് നീങ്ങേണ്ട സാഹചര്യമുണ്ടായാല്‍ അത് ഒഴിവാക്കാന്‍ ചൈന പരമാവധി ശ്രമിക്കുമെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ ഔദ്യോഗിക ദിനപത്രമായ ദി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് യുദ്ധം അനിവാര്യമായാല്‍ അതിന് ചൈന ഭയക്കില്ലെന്നും ഗ്ലോബല്‍ ടൈംസിലെ ലേഖനം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതിര്‍ത്തി ലംഘനം ഇന്ത്യ രാഷ്ട്രീയ ലക്ഷ്യത്തിനുള്ള ആയുധമാക്കരുതെന്നും ദോകലാമില്‍ നിന്ന് എത്രയും വേഗം ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണമെന്നും ചൈന കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.